World

പ്രശസ്ത ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ അനുനയ് സൂദ് അന്തരിച്ചു

പ്രശസ്ത ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍  അനുനയ് സൂദ് അന്തരിച്ചു
X

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ അനുനയ് സൂദ് അന്തരിച്ചു. ലാസ് വെഗാസില്‍ വച്ചാണ് അന്തരിച്ചത്. 32 വയസായിരുന്നു. കുടുംബം ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. അനുനയ് സൂദിന്റെ മരണവാര്‍ത്ത യാത്രാ പ്രേമികളില്‍ കടുത്ത ദുഃഖവും ഞെട്ടലുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 3.8 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുള്ള ട്രാവല്‍ വ്‌ലോഗറുംഇന്‍ഫ്‌ളുവന്‍സറുമാണ് അനുനയ് സൂദ്. ഡ്രോണ്‍ ഫോട്ടോഗ്രഫിയിലൂടെ അതിശയകരമായ വിഷ്വലുകള്‍ പകര്‍ത്താറുള്ള അനുനയ് സൂദിന്റെ കണ്ടന്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. മുന്‍നിര ആഗോള ടൂറിസം ബ്രാന്‍ഡുകളുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോബ്‌സ് ഇന്ത്യയുടെ ടോപ്പ് 100 ഡിജിറ്റല്‍ സ്റ്റാര്‍സ് പട്ടികയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം (2022, 2023, 2024) അനുനയ് ഇടം നേടിയിരുന്നു. പിന്നീട് അദ്ദേഹം ഒരു മാര്‍ക്കറ്റിംഗ് സ്ഥാപനവും നടത്തിയിരുന്നു.

സ്പിതിയിലെ ഒരു വ്‌ലോഗിംഗില്‍ നിന്നുമാണ് അനുനയ് തന്റെ യാത്ര ആരംഭിച്ചത്. അദ്ദേഹം ഏഴ് തവണ ഇവിടെയെത്താന്‍ ശ്രമിച്ചിരുന്നു. ചന്ദ്രതാല്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോകളും അദ്ദേഹത്തിന്റെ ആദ്യകാല വ്‌ലോഗുകളില്‍ ഉള്‍പ്പെടുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലെ വിവരങ്ങള്‍ അനുസരിച്ച്, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്നാണ് അനുനയ് സൂദ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് നോയിഡയിലെ തന്നെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് മെക്കാനിക്‌സ് ടെക്‌നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി.

റിതു സൂദ്, രാഹുല്‍ സൂദ് കുതിയാല എന്നിവരുടെ മകനാണ് അനുനയ്. അദ്ദേഹത്തിന് രചിത സൂദ്, ഇഷിത സൂദ് എന്നിങ്ങനെ രണ്ട് സഹോദരിമാരുണ്ട്. ദീര്‍ഘകാലമായി തന്റെ സുഹൃത്തായിരുന്ന ബൃന്ദ ശര്‍മ്മയുമായി അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.





Next Story

RELATED STORIES

Share it