World

ഇസ്രായേലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ ഫ്രാന്‍സിന് മേല്‍ സമ്മര്‍ദം

ഇസ്രായേലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ ഫ്രാന്‍സിന് മേല്‍ സമ്മര്‍ദം
X

പാരീസ്: ഗസയില്‍ വംശഹത്യ നടക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിന് ആയുധ വില്‍പ്പന നടത്തുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും രംഗത്ത്. ഗസയിലെ മാനുഷിക ദുരന്തത്തില്‍ ആശങ്ക നിലനില്‍ക്കെ ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി മറ്റ് രാജ്യങ്ങള്‍ നിര്‍ത്തിവെച്ച ആ മാതൃക ഫ്രാന്‍സും പിന്തുടരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നതെന്ന് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു എന്ന ആരോപണം നേരിടുകയാണ് ഫ്രഞ്ച് കമ്പനിയായ യൂറോഫറാഡ്. 2014ല്‍ ഫലസ്തീനില്‍ ഷുഹൈബര്‍ കുടുംബത്തിലെ കുട്ടികളെ കൊലപ്പെടുത്താന്‍ ഇസ്രായേല്‍ സേന യൂറോഫറാഡിന്റെ മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്.

പാരീസിലെ കോടതിയില്‍ 'യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു' എന്ന കേസില്‍ കമ്പനിക്കെതിരെ വിചാരണ നടന്നുവരികയാണ്. ഫ്രഞ്ച് പ്രതിരോധ കമ്പനികളായ ഡസോള്‍ട്ട്, തെയ്ല്‍സ്, എം.ബി.ഡി.എ എന്നിവയും യെമനുമായുള്ള യുദ്ധത്തിന് യു.എ.ഇക്കും സൗദിക്കും ആയുധ വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് 'യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു' എന്ന ആരോപണം നേരിടുന്നുണ്ട്. ഇസ്രായേലിലേക്കുള്ള മുഴുവന്‍ ആയുധ വില്‍പ്പനയും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേധാവി ജീന്‍ ക്ലോഡ് സമൂയില്ലര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് കത്തെഴുതിയിരുന്നു. ആയുധ കയറ്റുമതിയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ എം.പിമാരും രംഗത്ത് വന്നിരുന്നു. ഇസ്രായേലിന് ലഭ്യമാക്കിയ ആയുധങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക കൈമാറണമെന്നും പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it