World

ഫിലിപ്പീന്‍സ് വിമാനദുരന്തം; മരണസംഖ്യ 29 ആയി, 17 പേരെ കാണാനില്ല

ഫിലിപ്പീന്‍സ് വിമാനദുരന്തം; മരണസംഖ്യ 29 ആയി, 17 പേരെ കാണാനില്ല
X

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 17 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 29 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. കണ്ടെത്താനുള്ളവര്‍ രക്ഷപ്പെട്ടതായി ഇനിയും പ്രതീക്ഷയുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സിന്റെ സി-130 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം തകരുകയും തീപ്പിടിച്ചുകത്തുകയുമായിരുന്നു. ജോളോ ദ്വീപില്‍ ഇറങ്ങുന്നതിനിടെ റണ്‍വെയില്‍നിന്നും തെന്നിനീങ്ങിയായിരുന്നു അപകടം. പ്രാദേശിക സമയം 11:30 ന് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ ഒമ്പത്) ആയിരുന്നു അപകടം. തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയില്‍നിന്നും സൈനികരുമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേയില്‍നിന്നും ഏറെമുന്നോട്ടുപോയാണ് നിന്നത്.

30 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ സൈനിക അപകടമായാണ് ഇത് കണക്കാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തില്‍നിന്നും ആകാശംമുട്ടെ തീയും പുകയും ഉയരുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു. വിമാനത്തിന് നേരേ ആക്രമണത്തിന്റെ ലക്ഷണമൊന്നുമില്ലെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സൈനിക വക്താവ് കേണല്‍ എഡ്ഗാര്‍ഡ് അരേവാലോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും ചികില്‍സയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Next Story

RELATED STORIES

Share it