World

ഫലസ്തീന്‍ തടവുകാര്‍ക്ക് ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യം നല്‍കണം: ഇസ്രായേല്‍ സുപ്രിം കോടതി

ഫലസ്തീന്‍ തടവുകാര്‍ക്ക് ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യം നല്‍കണം: ഇസ്രായേല്‍ സുപ്രിം കോടതി
X

ഗസ: ഫലസ്തീന്‍ തടവുകാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി ഇസ്രായേല്‍ സുപ്രിം കോടതി. ഫലസ്തീന്‍ തടവുകാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സുപ്രിം കോടതി ഞായറാഴ്ച വിശദമാക്കിയത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗസയില്‍ ആയിരക്കണക്കിന് ആളുകളെയാണ് ഇസ്രായേല്‍ തടഞ്ഞുവച്ചിട്ടുള്ളത്. മാസങ്ങള്‍ നീണ്ട തടവ് കാലം കഴിഞ്ഞ് ആയിരത്തോളം പേരെ കുറ്റങ്ങളൊന്നും ചുമത്താതെ ഇസ്രായേല്‍ വെറുതെ വിട്ടിരുന്നു. ഇത്തരം തടങ്കല്‍ കേന്ദ്രങ്ങളില്‍ നേരിടേണ്ടി വന്ന ക്രൂരതയും ചികില്‍സയും ഭക്ഷണവും ശുചിമുറി പോലുമില്ലാത്ത സാഹചര്യത്തില്‍ നിരന്തരമായി ഈ തടവുകാര്‍ മര്‍ദ്ദനത്തിനിരയായെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കിയിരുന്നു. മാര്‍ച്ച് മാസത്തില്‍ 17 വയസ് പ്രായമുള്ള ഫലസ്തീന്‍ ബാലന്‍ ഇസ്രായേല്‍ ജയിലില്‍ പട്ടിണി മൂലം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ഇസ്രയേലിന്റെ ക്രൂരത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്.

അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ എന്ന അവകാശ സംഘടന സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ റൂളിംഗ് എത്തുന്നത്. യുദ്ധ ശേഷം ഗസയില്‍ ഭക്ഷണ നയത്തില്‍ സ്വീകരിച്ച തീരുമാനമാണ് പോഷകാഹാര കുറവിനും പട്ടിണിക്കും കാരണമായതെന്നാണ് അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ കോടതിയില്‍ വിശദമാക്കിയത്. കഴിഞ്ഞ വര്‍ഷം ജയില്‍ സംവിധാനം നിരീക്ഷിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ സുരക്ഷാ തടവുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ നിയമം ആവശ്യപ്പെടുന്നതിലും കുറച്ചതായി പ്രതികരിച്ചിരുന്നു. ഇസ്രായേല്‍ സുപ്രിം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് പരാതി പരിഗണിച്ചത്.

സാധാരണ നിലയിലെ അസ്തിത്വം ഉറപ്പാക്കുന്ന ഭക്ഷണം തടവുകാര്‍ക്ക് ലഭിക്കണമെന്ന് കോടതി ഇസ്രായേല്‍ സര്‍ക്കാരിനോട് വിശദമാക്കി. നിലവിലെ ഭക്ഷണ വിതരണം നിയമം അനുശാസിക്കുന്നതിലും കുറവാണ്. തടവുകാര്‍ ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി ചൂണ്ടികാട്ടി.




Next Story

RELATED STORIES

Share it