World

വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്; പുതിയ കൊവിഡ് നിയമവുമായി ഫ്രാന്‍സ്

വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്; പുതിയ കൊവിഡ് നിയമവുമായി ഫ്രാന്‍സ്
X

പാരിസ്: കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ക്ക് ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ഫ്രാന്‍സ് ദേശീയ പാര്‍ലമെന്റ് അസംബ്ലി പുതിയ കൊവിഡ് നിയമം വോട്ടിനിട്ട് പാസാക്കി. ദേശീയ അസംബ്ലിയില്‍ 215-58 വോട്ടിനാണ് നിയമം പാസായത്. ഇതോടെ രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് കഫേകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയറ്ററുകള്‍, മ്യൂസിയങ്ങള്‍, സ്‌പോര്‍ട്‌സ് വേദികള്‍, മറ്റ് വേദികള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിഷേധിക്കുന്നതാണ് നിയമം. രാജ്യത്ത് ഇതുവരെ മുതിര്‍ന്നവരില്‍ 91 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒമിക്രോണിന്റെ ആവിര്‍ഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കൊവിഡില്‍നിന്ന് അടുത്തിടെ സുഖം പ്രാപിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പുതുതായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നിയമം മൂലം സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രെയിനുകള്‍, വിമാന സര്‍വീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ നിര്‍ബന്ധമാക്കിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടാല്‍ വന്‍പിഴയാണ് ഈടാക്കുന്നത്.

ഫ്രാന്‍സില്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ 76 ശതമാനവും കൊവിഡ് രോഗികളാണ്. ഇതില്‍ ഭൂരിഭാഗം പേരും വാക്‌സിനേഷനെടുക്കാത്തവരാണ്. കൂടാതെ ദിവസവും 200 ഓളം കൊവിഡ് മരണങ്ങളും രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പല രാജ്യങ്ങളെ പോലെ ഫ്രാന്‍സിലും ഒമിക്രോണ്‍ ആശങ്ക പരത്തുകയാണ്. കഴിഞ്ഞയാഴ്ചയില്‍ 1,00,000 ആളുകള്‍ക്ക് 2,800 പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തുന്നു.

കൊവിഡിന്റെ പുതിയ വകഭേദമായ ഇഹുവും ഫ്രാന്‍സില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതൊക്കെ കണക്കിലെടുത്ത് ആശുപത്രികളിലേക്ക് കൂടുതല്‍ എത്തുന്നത് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കുകയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, പുതിയ നിയന്ത്രണത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പുതിയ തടങ്കല്‍ നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു പ്രഹരമേല്‍പ്പിക്കുമെന്നാണ് വിമര്‍ശനം. കൂടാതെ ഏപ്രില്‍ 10 ലെ പ്രസിഡന്റ് വോട്ടെടുപ്പില്‍ മാക്രോണിന്റെ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യതകളെ ഇത് കുറയ്ക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it