World

ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള യുഎസ് ചരക്കുകപ്പലിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു.

ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള യുഎസ് ചരക്കുകപ്പലിനു നേരെ ഹൂതി മിസൈല്‍ ആക്രമണം
X


സനാ: യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. മിസൈല്‍ പതിച്ച് കപ്പലിനു തീപിടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. യെമനിലെ ഏദനില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷന്‍ അതോറിറ്റി അറിയിച്ചു. ഇസ്രായേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. നിര്‍ദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികള്‍ വ്യക്തമാക്കി. ഇസ്രായേല്‍ കപ്പലുകള്‍ ഒഴികെ ബാക്കിയെല്ലാം ചെങ്കടലില്‍ സുരക്ഷിതമാണെന്നും ഹൂതികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം യമന്‍ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലും അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ അമേരിക്കന്‍ ചരക്ക് കപ്പലിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഗസയില്‍നിന്ന് സൈന്യത്തെ വെസ്റ്റ് ബാങ്കിലേക്കു മാറ്റി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു.





Next Story

RELATED STORIES

Share it