World

288 ദിവസം നീണ്ട നിരാഹാര സമരം; തുര്‍ക്കി വിപ്ലവ ഗായിക മരണത്തിന് കീഴടങ്ങി

ഇടതുപക്ഷ അനുഭാവമുള്ള 'ഗ്രൂപ്പ് യോറം' എന്നുപേരായ സംഗീതസംഘത്തിന് തുര്‍ക്കി ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരായ ഏഴുപേരെ തടവില്‍വയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹെലിന്‍ സമരം തുടങ്ങിയത്.

288 ദിവസം നീണ്ട നിരാഹാര സമരം; തുര്‍ക്കി വിപ്ലവ ഗായിക മരണത്തിന് കീഴടങ്ങി
X

ഇസ്താംബൂള്‍: ഇരുനൂറിലേറെ ദിവസങ്ങള്‍ നീണ്ടുനിന്ന നിരാഹാരത്തിനൊടുവില്‍ തുര്‍ക്കി വിപ്ലവഗായിക മരണം വരിച്ചു. തുര്‍ക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗവും ഏറെ ആരാധകരുള്ള ഗായികയുമായ ഹെലിന്‍ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്. ഇടതുപക്ഷ അനുഭാവമുള്ള 'ഗ്രൂപ്പ് യോറം' എന്നുപേരായ സംഗീതസംഘത്തിന് തുര്‍ക്കി ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരായ ഏഴുപേരെ തടവില്‍വയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹെലിന്‍ സമരം തുടങ്ങിയത്. നിരാഹാരത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ ഹെലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധഗാനങ്ങള്‍ക്ക് പേരുകേട്ട ബാന്‍ഡാണ് ഗ്രുപ്പ് യോറം. തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.

നിരാഹാരമിരുന്ന സംഘാംഗംകൂടിയായ ഇബ്രാഹിം ഗോക്സെ ഗുരുതരാവസ്ഥയിലാണ്. 2016ലാണ് യോറത്തിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ നിരോധിച്ച റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹെലിന്റെയും സുഹൃത്ത് ഇബ്രാഹിം ഗോക്‌സെയുടെ സമരത്തെത്തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളെ തടവില്‍നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍, യോറം ഗ്രൂപ്പിനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹെലിന്‍ സമരം തുടരുകയായിരുന്നു. ഗോക്‌സെയെ നിര്‍ബന്ധപൂര്‍വം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

ഗോക്‌സെയ്ക്ക് ചികില്‍സ നിഷേധിച്ചെന്നാണ് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നത്. നിരാഹാരസമരം അവസാനിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരുടെ സംഘം കഴിഞ്ഞമാസം തുര്‍ക്കി ഉപ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം അവസാനിപ്പിക്കാതെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മനുഷ്യാവകാശസംഘടനകള്‍ വ്യക്തമാക്കുന്നു. ഹെലിന്റെ മരണത്തെ തുടര്‍ന്ന് ലോകവ്യാപകമായി ആരാധകരും ഇടതുപക്ഷപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it