World

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് തുടക്കം

ഐക്യത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷമാണ് യൂറോപ്യന്‍ യൂനിയന്റെ വാക്‌സിനേഷന്‍ ദിവസങ്ങള്‍. മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനുളള ഏകമാര്‍ഗം പ്രതിരോധ കുത്തിവയ്പ്പാണ്- ട്വീറ്റില്‍ യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് തുടക്കം
X

ബ്രസല്‍സ്: കൊവിഡ് പ്രതിരോധവാക്‌സിന്‍ കുത്തിവയ്പ്പിന് തുടക്കംകുറിച്ച് യൂറോപ്യന്‍ യൂനിയന്‍. ഫൈസര്‍- ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിന്‍ വിതരണമാണ് ഞായറാഴ്ച യൂറോപ്യന്‍ യൂനിയന്‍ ആരംഭിച്ചത്. ഫ്രാന്‍സിലെ നഴ്‌സിങ് ഹോമുകള്‍ മുതല്‍ പോളണ്ടിലെ ആശുപത്രികള്‍ വരെ ഞായറാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. ജര്‍മനിയില്‍ കിഴക്കന്‍ സംസ്ഥാനമായ സാക്‌സോണി- അന്‍ഹാള്‍ട്ടിലെ ഒരു നഴ്‌സിങ് ഹോമില്‍ 101 വയസുകാരിക്കും നിരവധി ജീവനക്കാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഡോസുകള്‍ എത്തി മണിക്കൂറുകള്‍ക്കകം ഹംഗറിയിലും സ്ലൊവാക്യയിലും കുത്തിവയ്പ്പ് നടത്തി.

കുത്തിവയ്പ്പുകളുടെ ഭാഗമായി ജര്‍മന്‍ തലസ്ഥാനത്തുടനീളമുള്ള നഴ്‌സിങ് ഹോമുകളിലേക്ക് ഫൈസര്‍- ബയോടെക് വാക്‌സിന്‍ എത്തിക്കുന്നതിന് ഡോസ് മൈനസ് 70 ഡിഗ്രിയില്‍നിന്ന് ഉയരുന്നത് തടയാനായി ഐസ് നിറച്ച കൂളറുകളുമായി ഡസന്‍ കണക്കിന് മിനിവാനുകളാണ് സജ്ജമാക്കിയത്. ഐക്യത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷമാണ് യൂറോപ്യന്‍ യൂനിയന്റെ വാക്‌സിനേഷന്‍ ദിവസങ്ങള്‍. മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനുളള ഏകമാര്‍ഗം പ്രതിരോധ കുത്തിവയ്പ്പാണ്- ട്വീറ്റില്‍ യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിനെത്തിയത്.

കൊവിഡ് 19 വാക്‌സിന്‍ എല്ലാ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്- യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വണ്‍ ഡെര്‍ ലെയെന്‍ ട്വീറ്റ് ചെയ്തു. 27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. 200 മില്യന്‍ ഡോസുകളുടെ വിതരണം സപ്തംബര്‍ 2021ഓടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.

വിവിധ മരുന്നുകമ്പനികളുമായി രണ്ടു ബില്യന്‍ വാക്‌സിന്‍ ഡോസിന്റെ കരാറിലാണ് യുറോപ്യന്‍ കമ്മീഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്രിസ്മസിന് പലരാജ്യങ്ങളും ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങിയെത്തി. ക്രിസ്മസിന് മുമ്പുള്ള ആഴ്ചയില്‍ ജര്‍മനിയില്‍ പ്രതിദിനം ആയിരത്തോളം മരണങ്ങളാണ് രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെടുന്ന 27 രാജ്യങ്ങളിലെ 3,50,000ത്തിലധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍.

Next Story

RELATED STORIES

Share it