World

അഫ്ഗാനിസ്താനില്‍ ഭൂകമ്പം: 120ലേറെ പേര്‍ മരിച്ചു; 1000 പേര്‍ക്ക് പരിക്കേറ്റു

അഫ്ഗാനിസ്താനില്‍ ഭൂകമ്പം: 120ലേറെ പേര്‍ മരിച്ചു; 1000 പേര്‍ക്ക് പരിക്കേറ്റു
X
കാബൂള്‍: അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 120 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ചയുണ്ടായത്.1,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദുരന്ത നിവാരണ അധികൃതര്‍ അറിയിച്ചു.

''ഇതുവരെ, 1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 120 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു,'' ഹെറാത്ത് പ്രവിശ്യാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹെഡ് മോസ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടര്‍ന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടര്‍ചലനങ്ങളും ഉണ്ടായിട്ടുണ്ട്.

അഫ്ഗാനിസ്താനില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏകദേശം 1,000-ലധികം ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു ഇത്. ഈ വര്‍ഷം മാര്‍ച്ചില്‍ വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ ജുര്‍മിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമായി 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.






Next Story

RELATED STORIES

Share it