World

വോട്ടെടുപ്പിലെ ക്രമക്കേട്; ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചു

ഒക്ടോബര്‍ 20ന് നടത്തിയ വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബൊളീവിയയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.

വോട്ടെടുപ്പിലെ ക്രമക്കേട്; ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചു
X

സുക്രെ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചു. ഒക്ടോബര്‍ 20ന് നടത്തിയ വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബൊളീവിയയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൊറാലസാണു ജയിച്ചത്. എന്നാല്‍, വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്നും അതിനാല്‍ വോട്ടെടുപ്പ് സാധൂകരിക്കാന്‍ കഴിയില്ലെന്നും അന്താരാഷ്ട്ര ഓഡിറ്റിങ് നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 20ലെ വോട്ടെടുപ്പ് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. കൂടാതെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് രാജ്യത്ത് വ്യാപകമായ പ്രക്ഷോഭമാണുയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് സ്ഥിരതയും സമാധാനവും പുനസ്ഥാപിക്കുന്നതിനായി സ്ഥാനമൊഴിയണമെന്ന് ബൊളീവിയന്‍ സായുധസേനാ തലവന്‍ വില്യംസ് കലിമാന്‍ ഞായറാഴ്ച മൊറാലസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൊറാലസ് രാജിയ്ക്ക് തയ്യാറായത്. രാജ്യത്തിന്റെ നന്‍മയ്ക്കായി താന്‍ സ്ഥാനമൊഴിയുകയാണെന്ന് മൊറാലസ് പറഞ്ഞു. ഒരു അട്ടിമറിയിലൂടെയാണ് തന്നെ പുറത്താക്കിയത്. ഇത് ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. താന്‍ ഇതില്‍ അതിയായി ഖേദിക്കുന്നു- ദേശീയ ടെലിവിഷനോട് മൊറാലസ് പറഞ്ഞു. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രത്തലവന്‍മാരില്‍ ഒരാളായിരുന്നു മൊറാലസ്. 14 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, ബൊളീവിയയിലെ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റുമായിരുന്നു.

Next Story

RELATED STORIES

Share it