അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്: രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു
ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ചൈല്‍ഡ് പോണോഗ്രഫി കേസില്‍ സംശയിക്കപ്പെട്ടിരുന്ന ആളെ കസ്റ്റഡിയിലെടുക്കാന്‍ സെര്‍ച്ച് വാറണ്ടുമായെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിയും സംഭവസ്ഥലത്ത് സ്വയം വെടിവച്ച് മരിച്ചതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മിയാമി: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് എഫ്ബിഐ ഏജന്റുകള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മൂന്നുപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ചൈല്‍ഡ് പോണോഗ്രഫി കേസില്‍ സംശയിക്കപ്പെട്ടിരുന്ന ആളെ കസ്റ്റഡിയിലെടുക്കാന്‍ സെര്‍ച്ച് വാറണ്ടുമായെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിയും സംഭവസ്ഥലത്ത് സ്വയം വെടിവച്ച് മരിച്ചതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എഫ്ബിഐ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരായ ഡാനിയേല്‍ ആല്‍ഫിന്‍, ലോറ ഷെവാട്‌സെന്‍ബെര്‍ഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ വ്യക്തമാക്കി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തെ എഫ്ബിഐ എക്കാലവും ആദരിക്കുമെന്നും എന്നെന്നേക്കും അവരോട് കടപ്പെട്ടിരിക്കുമെന്നും റേ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്നാണ് എഫ്ബിഐയും മാധ്യമങ്ങളും വ്യക്തമാക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറണ്ടുമായി എത്തിയതായിരുന്നു. ഈ സമയം വീടിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ചശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ വെടിവച്ചതിനുശേഷം മണിക്കൂറുകളോളം വീടിനകത്തിരുന്ന പ്രതി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തുവെന്ന് എഫ്ബിഐ വിശദീകരിക്കുന്നു. ചൈല്‍ഡ് പോണോഗ്രഫി കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കംപ്യൂട്ടര്‍ അടക്കമുളള തെളിവുകള്‍ കണ്ടുകെട്ടാനായിരുന്നു ഉദ്യോഗസ്ഥരെത്തിയത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി വ്യക്തമാക്കി. ഇത് ഹീനമായ ദുരന്തമാണെന്നും സാകി പറഞ്ഞു.