- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവഗണന മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന വെണ്ടേക്കാംപൊയിൽ ആദിവാസി ഊര്
ഊരിന്റെ പരിസരങ്ങളിൽ നിരവധി റിസോർട്ടുകളുണ്ട്, പുതിയ റിസോർട്ടുകൾക്ക് അനുമതിയും നൽകുന്നുണ്ട്, പക്ഷേ 2019 ലെ പ്രളയ ശേഷം ഊര് നിൽക്കുന്നയിടം വാസയോഗ്യമല്ലെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നെങ്ങിനെയാണ് റിസോർട്ട് നിർമാണം നടത്താൻ കഴിയുന്നതെന്ന് അറിയില്ല
അഭിലാഷ് പി
കോഴിക്കോട്: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തിനാല് വർഷം പിന്നിടുമ്പോഴും രാജ്യത്തെ ആദിവാസി-ദലിത്-പിന്നാക്ക ജനത അതിന് പുറത്തുതന്നെയാണെന്നതിന് ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്. കെട്ടുറപ്പുള്ള വീടോ സ്വസ്ഥമായ ജീവതമോ ഇവർക്ക് ഇന്നും അന്യമാണ്. ഇത്തരത്തിൽ നരകതുല്യ ജീവിതം നയിക്കേണ്ടി വരുന്ന ആദിവാസി ഊരാണ് മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി വെണ്ടേക്കാംപൊയിൽ ആദിവാസി ഊര്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന വെണ്ടേക്കാംപൊയിൽ ആദിവാസി ഊരിൽ 20 കുടുംബങ്ങളാണ് ഇപ്പോൾ താമസിച്ചുവരുന്നത്. മുതുവാൻ വിഭാഗത്തിൽപ്പെട്ട ഗോത്രവർഗമാണ് ഇവർ. 2001-ലെ കനേഷുമാരി പ്രകാരം കേരളത്തിൽ ഇവരുടെ ജനസംഖ്യ 21,000 നും 32,000നും ഇടയ്ക്കാണെന്ന് കണക്കുകൾ പറയുന്നു. കൃഷിയും വനവിഭവങ്ങളുടെ ശേഖരണവുമാണ് മുതുവാന്മാരുടെ പ്രധാന തൊഴിലായിരുന്നുവെങ്കിലും ഇന്ന് ഏറെപ്പേരും കൂലിപ്പണിയെ തന്നെയാണ് ആശ്രയിക്കുന്നത്.
പത്തുമുതൽ ഇരുപത്തിരണ്ട് വർഷം മുമ്പ് വരെ പണിത ആസ്ബസ്റ്റോസ്, ഓട് വീടുകളിൽ ഭയത്തോടെ കിടന്നുറങ്ങേണ്ട ഗതികേടിലാണ് ഈ ഇരുപത് കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂമ്പാറ മേഖലകളിലായിരുന്നു ഇവരുടെ മുൻഗാമികൾ താമസിച്ചു പോന്നിരുന്നത്. എന്നാൽ ഈ മേഖലകളിൽ കുടിയേറ്റം സജീവമായതോടെ വംശീയാതിക്രമം ഭയന്ന് വെണ്ടേക്കാംപൊയിൽ വനമേഖലയിലേക്ക് എത്തിപ്പെട്ടതാണെന്ന് ഊര് മൂപ്പൻ കോർമൻ പറയുന്നു.
ഇരുപത് വർഷം മുമ്പ് വരെ ഊര് ഭൂമിക്ക് ചുറ്റിലും വനഭൂമിയായിരുന്നെങ്കിലും ഇന്ന് അതല്ല സ്ഥിതി. ഒരു ഭാഗം മാത്രമാണ് വനഭൂമിയുള്ളത്, മറ്റെല്ലാ അതിരുകളും സ്വകാര്യ ഭൂമിയാണെന്ന് ഇവർ പറയുന്നു. എങ്കിലും മണ്ണിന്റെ മക്കളായ ഇവർക്ക് മാത്രം ഭൂമിക്ക് പട്ടയമോ മറ്റ് രേഖകളോ ഇതുവരെയും മാറിമാറി വന്ന സർക്കാരുകൾ നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ഊരിലെ താമസക്കാരി ശാന്ത പറയുന്നു.
എത്രയോ വർഷമായി കെട്ടുറപ്പുള്ള വീടെന്ന ആവശ്യം ഞങ്ങൾ ഉയർത്തുന്നു. വാർഡ് മെമ്പർ മുതൽ കലക്ടർ വരെയുള്ളവർക്ക് പരാതികൾ കൊടുത്തു, എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകുന്നില്ല. നടന്നുകയറിവരാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച് മരിച്ച ഒരാളെ ഇതിലൂടെ ചുമന്ന് കൊണ്ടുവരേണ്ടി വന്നു. നല്ലൊരു റോഡ് ഉണ്ടായിരുന്നെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നില്ലെന്ന് ശാന്ത കൂട്ടിച്ചേർത്തു.
ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപയാണ് വീടിനായി സർക്കാർ നൽകുന്നത്. എന്നാൽ ഇവിടേക്ക് വീട് നിർമാണത്തിനുള്ള സാധനങ്ങൾ പോലും എത്തിക്കാൻ ഈ തുകകൊണ്ട് സാധിക്കില്ല. പന്ത്രണ്ട് വർഷം മുമ്പാണ് എന്റെ വീട് പണിതത്, അന്ന് സർക്കാർ സഹായം ഒന്നരലക്ഷം രൂപയായിരുന്നു ലഭിച്ചതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഊരിലെ മറ്റുള്ളവരുടെ പരസഹായം ഒന്നുകൊണ്ട് മാത്രമാണ് കല്ലും കട്ടയും ഇവിടേക്ക് എത്തിച്ചത്. വീടിന്റെ കഴുക്കോൽ മുഴുവനും കവുങ്ങ് വെട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏത് സമയവും ഈ വീട് നിലംപൊത്താൻ സാധ്യതയുണ്ട്, അതുകൊണ്ട് വീടിനോട് ചേർന്ന് ടാർപോളിൻ ഷീറ്റിന്റെ ഷെഡ് കെട്ടി അതിലാണ് താമസമെന്ന് ഊര് നിവാസിയായ അനീഷ് പറയുന്നു.
ലൈഫ് പദ്ധതിയിൽ ലഭിക്കുന്ന നാല് ലക്ഷം രൂപകൊണ്ട് ഒന്നും നടക്കില്ലെങ്കിൽ പോലും ഇത്തവണയും നമ്മൾ അപേക്ഷിച്ചു, എന്നിട്ടും ലിസ്റ്റിൽ പേര് വന്നില്ല. ഇത് ആദിവാസികളോട് കാലങ്ങളായി കാണിക്കുന്ന വിവേചനമാണ്. ഇന്നും തുടരുന്നു എന്ന് മാത്രമേയുള്ളു. ഊരിന്റെ പരിസരങ്ങളിൽ നിരവധി റിസോർട്ടുകളുണ്ട്, പുതിയ റിസോർട്ടുകൾക്ക് അനുമതിയും നൽകുന്നുണ്ട്, പക്ഷേ 2019 ലെ പ്രളയ ശേഷം ഊര് നിൽക്കുന്നയിടം വാസയോഗ്യമല്ലെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നെങ്ങിനെയാണ് റിസോർട്ട് നിർമാണം നടത്താൻ കഴിയുന്നതെന്ന് അറിയില്ലെന്നും അനീഷ് പറയുന്നു.
വെണ്ടേക്കാംപൊയിൽ ആദിവാസി ഊരിലെ ഭൂമിക്ക് ഇതുവരെ പട്ടയങ്ങൾ ലഭിച്ചിട്ടിങ്കിലും പ്രദേശത്തെ സ്വകാര്യവ്യക്തികൾക്ക് കൃത്യമായി പട്ടയങ്ങൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഊര്, ഇപ്പോഴും വനഭൂമിയിലാണ്. ഏത് സമയവും വനംവകുപ്പ് ഇവിടെ നിന്ന് ഇറക്കിവിട്ടേക്കാമെന്ന ആശങ്കയിലാണ് ഈ ജനങ്ങൾ. അതേസമയം ഇതേ പഞ്ചായത്തിൽ സിപിഎം എംഎൽഎ പി വി അൻവറടക്കമുള്ള വൻകിടക്കാർ നിയമവിരുദ്ധ നിർമാണങ്ങളിൽ സജീവമാണെന്നാതാണ് മറ്റൊരു യാഥാർത്ഥ്യം.