Thejas Special

അതെന്താ സര്‍ക്കാരിന് മദ്‌റസകളോടിത്ര വിരോധം ?

സര്‍ക്കാരുകള്‍ക്ക് മദ്‌റസകളോടുള്ള വിരോധത്തിനെതിരേ പോരാടാന്‍ ഇങ്ങനെ തങ്ങള്‍ കഷ്ടപ്പെടണം. അല്ലെങ്കില്‍ ഈ മേഖലയില്‍ കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാകും. അത് വളര്‍ന്നുവരുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലെത്തിക്കും.

അതെന്താ സര്‍ക്കാരിന്  മദ്‌റസകളോടിത്ര വിരോധം ?
X

പൊളിറ്റിക്കല്‍ സയന്‍സില്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്ദ ബിരുദമെടുത്ത മുഹമ്മദ് അക്രം എന്ന യുവാവ് ചവിട്ടി നിര്‍മാണത്തിന് പുലര്‍ച്ചെ നാലുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങും. ആറുമണിവരെ തുടരുന്ന ജോലി കഴിഞ്ഞ് പിന്നീടദ്ദേഹം താന്‍ അധ്യാപകനായ മദ്‌റസയിലേക്ക്. സിത്താര്‍പൂര്‍ ജില്ലയിലെ ബിസ്വാനിലെ മദ്രസയിലേക്ക് എത്തണമെങ്കില്‍ 20കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടണം. തുടര്‍ന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മദ്രസ 2.30 അവസാനിക്കുന്നു. വൈകീട്ട് ആറുമണിയോടെ അദ്ദേഹം നെയ്ത്തറി കേന്ദ്രത്തിലെത്തി രണ്ടുമണിക്കൂര്‍ ജോലി ചെയ്തു തിരിച്ചുവീട്ടിലേക്ക് തിരിക്കുന്നു.

മുഹമ്മദ് അക്രം (ഇടത്) സഹപ്രവര്‍ത്തകരോടൊപ്പംഎന്തിനാണ് ഒരു മദ്രാസാധ്യാപകന്‍ രാപ്പകലില്ലാതെ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നതെന്ന ചോദ്യമുയര്‍ന്നേക്കാം. ഉത്തരം ലളിതമാണ്. അക്രമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാരുകള്‍ക്ക് മദ്രസകളോടുള്ള വിരോധത്തിനെതിരേ പോരാടാന്‍ ഇങ്ങനെ തങ്ങള്‍ കഷ്ടപ്പെടണം. അല്ലെങ്കില്‍ ഈ മേഖലയില്‍ കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാകും. അത് വളര്‍ന്നുവരുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലെത്തിക്കും.

അക്രമിന്റെ മാത്രമല്ല, ഉത്തര്‍പ്രദേശില്‍ മദ്രസാ അധ്യാപകരാവുന്നവരുടെ മൊത്തം കാര്യവും ഇങ്ങനെത്തന്നെ. സര്‍ക്കാര്‍ നല്‍കിയിരുന്ന തുച്ഛമായ ശമ്പളം കഴിഞ്ഞ മൂന്നുവര്‍ഷമായി തടഞ്ഞുവച്ചതുകൊണ്ട് ഉത്തര്‍പ്രദേശിലെ മദ്രസാധ്യാപകര്‍ ജന്ദര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളില്‍ നിന്നാണ് ഇവരുടെ ദുരിതപൂര്‍ണമായ ജീവിതത്തെ കാണാനായത്.

2009ല്‍ രണ്ടാം മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്താണ് മദ്രസകളില്‍ ആധുനികവിഷയങ്ങള്‍ പഠിപ്പിക്കാനുള്ള അധ്യാപകരുടെ നിയമനപദ്ധതി രൂപീകൃതമാവുന്നത്. അന്ന് ബിരുദമുള്ള അധ്യാപകര്‍ക്ക് 6000 രൂപയും ബിരുദാനന്തബിരുദക്കാര്‍ക്ക് 12000 രൂപയും കേന്ദ്രം അനുവദിച്ചു. അതേസമയം, യുപിയില്‍ അധികാരത്തിലിരുന്ന മായാവതി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായി. സംസ്ഥാന നീക്കിയിരുപ്പായി ബിരുദക്കാര്‍ക്ക് 2000 രൂപയും ബിരുദാനന്തബിരുദക്കാര്‍ക്ക് 3000രൂപയും അനുവദിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും ശമ്പളം മുടയ്ക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്തത്. ബജറ്റില്‍ തുകവകയിരുത്തുമെങ്കിലും തുകവിനിയോഗം ഇല്ലെന്നതാണ് മദ്രസാധ്യാപകര്‍ തൊഴിലുപേക്ഷിച്ച് മറ്റുമാര്‍ഗങ്ങള്‍ തേടിപോകാന്‍ കാരണമായത്.

രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കിയിരുന്നതെങ്കിലും ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മദ്രസകള്‍ ഉള്ളത്. 8584 മദ്രസകളിലായി 18ലക്ഷം വിദ്യാര്‍ഥികളാണ് ശമ്പളം മുടങ്ങി അധ്യാപകര്‍ മറ്റുവഴികളിലേക്ക് തിരിഞ്ഞപ്പോള്‍ വഴിയാധാരമായത്. കോടികളാണ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ശമ്പളകുടിശ്ശിക. കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സപ്തംബറില്‍ 284.87 കോടി രൂപ ധനവിനിയോഗത്തിനായി ഉത്തര്‍പ്രദേശിന് നല്‍കിയിട്ടുണ്ടെങ്കിലും വിനിയോഗം നടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേയവസ്ഥയുണ്ടെങ്കിലും വന്‍തുകകള്‍ ബാധ്യതയായിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ക്കായാണ് മദ്രസകളില്‍ പഠനം ഏര്‍പ്പെടുത്തിയതെങ്കിലും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നഹിന്ദുമതത്തിലുള്ള വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഇത്തരം മദ്രസകളില്‍ 30ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ പിന്നാക്കം നില്‍ക്കുന്ന ദലിത് വിഭാഗത്തിലുള്ളവരാണ്. എങ്കിലും മുസ്‌ലിം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായാണ് മദ്രസകളില്‍ ആധുനിക വിദ്യാഭ്യാസ പദ്ധതികള്‍ കൊണ്ടുവന്നത്. പദ്ധതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് സര്‍ക്കാരുകള്‍ പദ്ധതിയെ നശിപ്പിക്കുന്നത്.

എന്തിനാണ് മുസ്‌ലിംകളുടെ ഉന്നമനം ലക്ഷ്യമിട്ടാരംഭിച്ച ഇത്തരം പദ്ധതികള്‍ അട്ടിമറിക്കുന്നത്. ഇതുവഴി എന്ത് നേട്ടമാണ് തല്‍പ്പരകക്ഷികള്‍ നേടുന്നതെന്നും ലക്കിംപുര്‍കേരിയിലെ അധ്യാപകന്‍ അന്‍സാര്‍ അഹമദ് ചോദിക്കുന്നു. 2009 മുതല്‍ ഉത്തര്‍ പ്രദേശ് ഇന്റര്‍ കോളജുകളില്‍ മുസ്‌ലിം പ്രാധിനിത്യം 25ശതമാനമായി ഉയര്‍ത്താന്‍ ഇത്തരം മദ്രസകള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയത് സാധ്യമാകുമോയെന്നാണ് ജന്ദര്‍ മന്ദറില്‍ ഒത്തുകൂടിയ അധ്യാപകരുടെ ആശങ്ക.


Next Story

RELATED STORIES

Share it