Thejas Special

പെഗസസ്: അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രിംകോടതി സമിതി; ഭീമാകൊറേഗാവ് കേസിൽ ഇനിയെന്ത്?

വിദ​ഗ്ധസമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രിംകോടതി സമിതി റിപോർട്ടിൽ വ്യക്തമാക്കുന്നു. എന്നൽ സുപ്രിംകോടതി സമിതി റിപോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് കേസ് പരി​ഗണിച്ച ബെഞ്ച് വ്യക്തമാക്കുന്നത്.

പെഗസസ്: അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രിംകോടതി സമിതി; ഭീമാകൊറേഗാവ് കേസിൽ ഇനിയെന്ത്?
X

പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ സുപ്രിംകോടതി വിദഗ്ധ സമിതിയോട് സഹകരിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്ന റിപോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി വിശദമായ റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിപോര്‍ട്ട് പരിശോധിച്ചത്.

ഭീമാകൊറേ​ഗാവ് കേസിൽ പതിനെട്ടോളം ആക്ടിവിസ്റ്റുകളെ യുഎപിഎ ചുമത്തി തടവിലിട്ടതിന് പിന്നാലെയാണ് പെ​ഗസസ് ചാര സോഫ്റ്റ് വെയറിനെ കുറിച്ച് ചർച്ച വരുന്നത്. ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെ​ഗസസുമായി ബന്ധപ്പെട്ട് രാജ്യസഭയിലും ലോകസഭയിലും ചോദ്യങ്ങൾ ഉയർന്നെങ്കിലും വിവരങ്ങൾ ഒന്നും തന്നെ സഭയ്ക്ക് മുന്നിൽ വയ്ക്കാതെ മോദി സർക്കാർ അവിടെയും വിവരങ്ങൾ മറച്ചുവയ്ക്കുന്ന കാഴ്ച്ച നമ്മൾ കണ്ടു.

വിദ​ഗ്ധസമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രിംകോടതി സമിതി റിപോർട്ടിൽ വ്യക്തമാക്കുന്നു. എന്നൽ സുപ്രിംകോടതി സമിതി റിപോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് കേസ് പരി​ഗണിച്ച ബെഞ്ച് വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തിരുന്നു.

തത്വത്തിൽ ശാസ്ത്രീയ പരിശോധനാ റിപോർട്ട് അന്വേഷണ ഏജൻസികൾക്ക് എതിരേ തിരിയുമ്പോൾ സുപ്രിംകോടതി തന്നെ അന്വേഷണ ഏജൻസിക്ക് സംരക്ഷണം നൽകുന്നതാണ് ഇന്നത്തെ കോടതി നിരീക്ഷണം എന്ന് അനുമാനിക്കാനേ സാധിക്കൂ. ജനങ്ങളിലേക്ക് ആ റിപോർട്ട് എത്തുന്നതിൽ കോടതി തന്നെ ഭയപ്പെടുന്ന സമീപനമാണ് ഇന്ന് നടന്നത്. ഈ ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് കെട്ടിച്ചമച്ചതാണ് ഭീമാകൊറേ​ഗാവ് കേസ് എന്ന ആരോപണം ശക്തമാണ്. ഈ ആരോപണത്തെ സാധൂകരിക്കുന്ന ഫോറൻസിക് റിപോർട്ടുകൾ നേരത്തേ യുഎസ് സൈബര്‍ വിദഗ്ധര്‍ പുറത്തുവിട്ടിരുന്നു.

ലാപ്‌ടോപ്പില്‍ കണ്ടെത്തിയ രേഖകള്‍ തെളിവാക്കിയാണ് മലയാളിയായ റോണ വില്‍സന്‍ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും കുറ്റങ്ങള്‍ ചുമത്തിയതും. എന്നാല്‍, തെളിവുകളായി അന്വേഷണസംഘം ആരോപിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ സ്ഥാപിച്ചതാണെന്നാണ് യുഎസ്സിലെ ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് സ്ഥാപനമായ ആര്‍സനല്‍ കണ്‍സല്‍ട്ടിങ് കണ്ടെത്തിയിരുന്നു. 32 ഡോക്യൂമെന്റുകളാണ് സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചത്.

മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് സേന മറാഠ സൈനികര്‍ക്ക് മേധാവിത്വമുള്ള പേഷ്വ രാജാക്കന്‍മാരെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികാചരണം പുനെയിലെ ഭീമകൊറേഗാവില്‍ നടക്കാറുണ്ട്. ആ ദലിത് പോരാട്ടവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാചരണം 2018 ജനുവരി 1ന് നടക്കവെയുണ്ടായ സംഘര്‍ഷമാണ് ഭീമകൊറേഗാവ് കേസിന് ആധാരം. അതിന്റെ തലേന്ന് സംഘടിപ്പിച്ച ദലിത് സംഗമപരിപാടിയായ എല്‍ഗാര്‍ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കലാപത്തിലേക്കു നയിച്ചെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഹിന്ദുസംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊഡെ, സംഭാജി ഭിഡെ തുടങ്ങിയവരാണ് കലാപത്തിനു പിന്നിലെന്നാണ് ആദ്യഘട്ടത്തിലുയര്‍ന്ന ആരോപണം. പിന്നീടാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റുകള്‍ നടക്കുന്നത്. ബിജെപി നേതാവായ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് റോണ വില്‍സന്‍ അടക്കം 10 പേരെ പുണെ പോലിസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. 2018 ജൂണ്‍ ആദ്യവാരമാണ് റോണ വില്‍സന്‍ അടക്കം 5 പേരെ അറസ്റ്റ് ചെയ്തത്. 'മോദി രാജ്' അവസാനിപ്പിക്കാന്‍ 'രാജീവ് ഗാന്ധി മോഡല്‍' ആവശ്യമാണെന്ന പരാമര്‍ശങ്ങള്‍ ഉള്ളവയടക്കം ആയിരത്തിലേറെ രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മഹാരാഷ്ട്ര പോലിസ് അറിയിച്ചത്.

ദലിതരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരേ നീക്കം നടത്താന്‍ ആഹ്വാനം ചെയ്യുന്ന കത്തുകള്‍, കൈവശമുള്ളതും ഇനി ആവശ്യമുള്ളതുമായ ആയുധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നേതാക്കളുമായി നടത്തിയ കത്തിടപാടുകള്‍, ചില 'വലിയ നടപടികള്‍' വേണമെന്നതു സംബന്ധിച്ച കുറിപ്പുകള്‍, ഇമെയിലുകള്‍, യോഗങ്ങളുടെ മിനിറ്റ്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ കണ്ടെത്തിയ രേഖകളില്‍ ഉള്‍പ്പെടുമെന്നാണ് അന്ന് പോലിസ് അവകാശപ്പെട്ടത്.

മനുഷ്യാവകാശ പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയില്‍ സംശയം പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നെങ്കിലും കൂടുതല്‍ അറസ്റ്റുമായി അന്വേഷണം മുന്നോട്ടു നീങ്ങി. ഇതിനിടെയാണ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ഫഡ്‌നാവിസ് സര്‍ക്കാര്‍ പുറത്താവുകയും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരം പിടിക്കുകയും ചെയ്തതോടെ ഭീമ കൊറേഗാവ് കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. എന്നാല്‍, ഇതിനിടെ സംസ്ഥാന സര്‍ക്കാരിനോടു പോലും ആലോചിക്കാതെ കേന്ദ്രം കേസ് എന്‍ഐഎയ്ക്കു കൈമാറി.

രായ്ക്കുരാമാനം കേസ് എന്‍ഐഎക്ക് കൈമാറിയത് പല സംയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിതുറന്നെങ്കിലും മഹാരാഷ്ട്ര അക്കാര്യത്തില്‍ പിന്നീട് കേന്ദ്രവുമായി ഏറ്റുമുട്ടലിനു പോയില്ല. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഫാ. സ്റ്റാന്‍ സ്വാമിയടക്കമുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം രാജ്യത്ത് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാമിക്ക് പണം ലഭിച്ചിരുന്നെന്നായിരുന്നു ആരോപണം. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെയാണ് ഫാദർ സ്റ്റാൻ സ്വാമി കൊല്ലപ്പെട്ടത്.

ഭീമകൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ലെ, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ്, പ്രഫ. സായിബാബ തുടങ്ങിയ 18 പേരിൽ ഒരാൾ സ്ഥാപനവൽകൃത കൊലപാതകത്തിന് ഇരയാക്കപ്പെടുകയും രണ്ട് പേർ ജാമ്യത്തിലുമാണ്. മറ്റുള്ള പതിനഞ്ച് പേരിൽ പതിനൊന്ന് പേർ അറുപത് വയസിന് മുകളിലുള്ളവർ ആണെങ്കിലും ഇതൊന്നും തന്നെ വിചാരണക്കോടതിയോ ബോംബെ ഹൈക്കോടതിയോ ഇതുവരെ പരി​ഗണിച്ചിരുന്നില്ല. സുപ്രിംകോടതി സമിതിയുടെ കണ്ടെത്തൽ വിചാരണ കോടതി പരി​ഗണിക്കുകയാണെങ്കിൽ ഇവർക്ക് മോചനം സാധ്യമാകുന്ന സാഹചര്യം സംജാതമാകും.

Next Story

RELATED STORIES

Share it