Thejas Special

പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍ സമ്മര്‍ദ്ദം

ഇപ്പോള്‍ സഭ നടത്തുന്ന നീക്കം ശക്തമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നേ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരുമെന്ന സൂചനയുമുണ്ട്.

പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍ സമ്മര്‍ദ്ദം
X

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലൂടെ മുസ്‌ലിംകള്‍ക്കെതിരേ വംശീയ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട പാലാ ബിഷപ്പ് മാര്‍ ജോസഫ് ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ നിന്ന് എന്‍ഡിഎ പാളയത്തിലേക്ക് എത്തിക്കാന്‍ ചരടുവലിക്കുന്നതായി സൂചന. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തുനിന്ന് അടര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ഈ രാഷ്ട്രീയ നീക്കം അണിയറയില്‍ ഒരുങ്ങുന്നതാകട്ടെ പിണറായി സര്‍ക്കാര്‍ മുസ്‌ലിം പ്രീണനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന ബിജെപിയുടെ മുസ്‌ലിം വിരുദ്ധ നുണ പ്രചാരണം ഏറ്റെടുത്തുകൊണ്ടാണെന്നത് ശ്രദ്ധേയമാണ്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് പരോക്ഷ പിന്തുണ നല്‍കിയ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വളരെ പെട്ടെന്ന് തന്നെ പിണറായി സര്‍ക്കാരിന് എതിരായിരിക്കുന്നു എന്നാണ് റിപോര്‍ട്ട്. ക്രൈസ്തവ സഭകള്‍ക്ക് നേരേ ഇഡി നീങ്ങുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസിനും മേല്‍ സഭ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ സഭ നടത്തുന്ന നീക്കം ശക്തമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നേ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരുമെന്ന സൂചനയുമുണ്ട്.

നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെത്തുടര്‍ന്ന് പാലാ അതിരൂപതയും സര്‍ക്കാരും തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. അതോടൊപ്പം സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തെ അതിരുകടന്ന് പ്രീണിപ്പിക്കുന്നുവെന്ന നട്ടാല്‍ മുളയ്ക്കാത്ത ആരോപണവും ക്രൈസ്തവ ബിഷപ്പുമാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്നത് തികഞ്ഞ മുസ്‌ലിം പ്രീണനമാണ് എന്നാണ് കത്തോലിക്കാ ബിഷപ്പുമാര്‍ ആരോപിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന് യാതൊരു ഗുണവുമില്ലന്നാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ വാദിക്കുന്നത്. വളരെ ജൂനിയറായ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസിന്റെ മന്ത്രി. കാബിനറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് വായ് തുറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍ പോലും സിപിഎം നിയോഗിച്ചവരാണ്. ജോസ് കെ മാണിക്ക് ഇടതുമുന്നിയിലും ഇത് തന്നെയാണ് അവസ്ഥ. ക്രൈസ്തവ വിഭാഗങ്ങളുടെ പ്രത്യേകിച്ച കത്തോലിക്കാ സഭയുടെ വിഷയങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാനും കേരളാ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് മറ്റൊരു പ്രചാരണം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം സഭകളെ സര്‍ക്കാര്‍ കാര്യമായി വിശ്വാസത്തിലെടുക്കുന്നില്ല. തൃക്കാക്കരയില്‍ വന്‍തോതില്‍ ക്രൈസ്തവ വോട്ടുകള്‍ സിപിഎമ്മിനെതിരേ തിരിഞ്ഞിരുന്നു. കേരളമുണ്ടായതിന് ശേഷം ഇതാദ്യമായാണ് കത്തോലിക്കാ സഭകള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേരളത്തിലുണ്ടാകുന്നത് എന്നാണ് സഭാ വൃത്തങ്ങള്‍ പറയുന്നത്. തങ്ങള്‍ മുന്‍കൈ എടുത്താണ് ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിച്ചതെന്നും എന്നാല്‍ അത് കൊണ്ട് കാര്യമായ യാതൊരു പ്രയോജനവും ഉണ്ടായില്ലന്നുമാണ് കത്തോലിക്കാ ബിഷപ്പുമാര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയും സംഘവും എന്‍ഡിഎയിലേക്ക് ചേക്കാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Next Story

RELATED STORIES

Share it