Thejas Special

ഭീതിപ്പെടുത്തി അടിത്തറയില്ലാത്ത ബേബി ഡാം; മുല്ലപ്പെരിയാറിനെക്കാള്‍ തമിഴ്‌നാടിനു പേടി ബേബിഡാമിന്റെ ബലക്ഷയം

വെറും മൂന്ന് അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം.ഇത് സുരക്ഷിതമാക്കിയാല്‍ ഭീഷണി അവസാനിക്കുമെന്നാണ് തമിഴ്‌നാടിന്റെ വാദം

ഭീതിപ്പെടുത്തി അടിത്തറയില്ലാത്ത ബേബി ഡാം; മുല്ലപ്പെരിയാറിനെക്കാള്‍ തമിഴ്‌നാടിനു പേടി ബേബിഡാമിന്റെ ബലക്ഷയം
X

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കാള്‍ സുരക്ഷാ ഭീഷണിയിള്ളത് തൊട്ടരികിലെ ബേബി ഡാമിന്. മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനെപോലും സുരക്ഷ ഭീഷണിയിലാക്കുന്നത് ബേബി ഡാമിന്റെ ബലക്ഷയമാണ്. കാര്യമായ അടിത്തറയൊന്നും ബേബിഡാമിനില്ല. വെറും മൂന്ന് അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം.ഇത് സുരക്ഷിതമാക്കിയാല്‍ ഭീഷണി അവസാനിക്കുമെന്നാണ് തമിഴ്‌നാടിന്റെ വാദം.അതുകൊണ്ടാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് മുന്നിട്ടിറങ്ങുന്നത്. ബേബി ഡാം സുരക്ഷിതമാക്കിയാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കിയാലും പേടിക്കാനില്ലെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍.


മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനോടു ചേര്‍ന്നു പിന്നീടു നിര്‍മിച്ച ബേബി ഡാമിന് 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുണ്ട്. കരിങ്കല്ലും സിമന്റും കോണ്‍ക്രീറ്റും ചേര്‍ന്നു നിര്‍മിച്ച ഡാമിനു ബലമുള്ള അടിത്തറയില്ലെന്നു പണ്ടുമുതലേ കേരളം ആരോപിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയില്‍നിന്ന് ഉയര്‍ത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിര്‍മിച്ചത്. ആദ്യം ഷട്ടര്‍ നിര്‍മിക്കാനായിരുന്നു തമിഴ്‌നാടിന്റെ പദ്ധതി. ഇതിനായി മണ്ണുനീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിര്‍മിക്കാതെ ഡാം കെട്ടുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോള്‍ 24 അടി വെള്ളമാണ് ബേബി ഡാമില്‍ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്‌നാട് നിര്‍മിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും ഭിത്തിയിലൂടെ ഉറവയായി പുറത്തേക്കൊഴുകുന്നതും ജലവിതാനം ഉയര്‍ന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് നീക്കങ്ങള്‍ ശക്തമാക്കിയത്. ജലനിരപ്പ് 136ന് മുകളിലേക്ക് കയറ്റണമെങ്കില്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് അക്കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ കഴിയാത്തത് ബേബി ഡാമിന്റെ ബലക്ഷയം മൂലമാണ്. ബേബി അണക്കെട്ടിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന 3 വന്‍മരങ്ങളും സമീപത്തെ 24 ഓളം മറ്റ് മരങ്ങളും മുറിച്ചു നീക്കണമെന്നാണ് തമിഴ് നാട് ആവശ്യപ്പെട്ടിരുന്നത്. ഡാമിന്റെ വീതി കൂട്ടണമെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിക്കേണ്ടി വരും.താന്നി, വഴന, ഉന്നം മരങ്ങളാണ് ഇവ. ഈ 3 മരങ്ങളോട് അനുബന്ധിച്ചുള്ള 24 ഓളം മറ്റ് മരങ്ങള്‍ മുറിച്ചാല്‍ തമിഴ്‌നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിര്‍മാണ സാമഗ്രികളും എത്തിക്കുകയും ചെയ്യാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എര്‍ത്തന്‍ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എര്‍ത്തന്‍ ഡാമും ബലപ്പെടുത്തിയാല്‍ പ്രധാന അണക്കെട്ടില്‍ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താം. മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളമല്ല അനുവാദം കൊടുക്കേണ്ടത്. മരങ്ങള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലും ബഫര്‍ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാന്‍ അനുമതി നല്‍കേണ്ടത്. മരം മുറിക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് കേരളം നല്‍കേണ്ടത്. പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ബഫര്‍സോണിലെ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ അനുവാദത്തിന് സമര്‍പ്പിച്ചിട്ടും ഇല്ല.


നാല് അണക്കെട്ടുകളാണ് മുല്ലപ്പെരിയാറില്‍ ഉള്ളത്.152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബിഡാമും 240 അടി നീളവും 20 അടി വീതിയുള്ള എര്‍ത്തണ്‍ ഡാമും സ്പില്‍വേയും ചേര്‍ന്നതാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്. ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേര്‍ത്തു തയാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് പ്രധാന ഡാമിന്റെ അടിത്തറ. തുടക്കത്തില്‍ 152 അടി വെള്ളമാണ് അണക്കെട്ടില്‍ സംഭരിച്ചിരുന്നത്. 152 അടി വെള്ളം സംഭരിച്ചു നിര്‍ത്തിയ കാലഘട്ടത്തില്‍ കേരളത്തിന്റെ 42 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണു വെള്ളത്തിനടിയിലായത്. 1978ല്‍ അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതോടെയാണു സംഭരണശേഷി 136 ആയി പരിമിതപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം 1948ല്‍ ജലനിരപ്പ് 152 അടിക്കു മുകളിലേക്ക് ഉയര്‍ന്നു. പിന്നീട് അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 1948ലാണ് തമിഴ്‌നാട് തീരുമാനിച്ചത്. ജലസേചനത്തിനായാണ് അണക്കെട്ട് യതാര്‍ഥത്തില്‍ നിര്‍മ്മിച്ചിരുന്നത്. തുടര്‍ന്നു പാറ തുരന്നു തുരങ്കം നിര്‍മിച്ചു. 1952ല്‍ തമിഴ്‌നാട്ടിലെ ലോവര്‍ പെരിയാറില്‍ പവര്‍ ഹൗസ് നിര്‍മ്മാണം തുടങ്ങി. 1958ല്‍ വൈദ്യുതി ഉല്‍പാദനവും തുടങ്ങി. 1948നുശേഷം 1961ലും അണക്കെട്ടു കവിഞ്ഞൊഴുകി.


തമിഴ്‌നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ 48 കിലോമീറ്റര്‍ താണ്ടി മണലാറിനു സമീപം മുല്ലയാറുമായി ചേര്‍ന്ന് മുല്ലപ്പെരിയാറാകുന്നു. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ വള്ളക്കടവിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍. ചൊക്കംപെട്ടി, പ്ലാച്ചിമല, നാഗമല, ശിവഗിരിമല, മദളംതൂക്കിമല എന്നീ അഞ്ചു മലകളില്‍നിന്നുള്ള നീര്‍ച്ചാലുകള്‍ ചേര്‍ന്നാണു പെരിയാര്‍ നദിയുടെ ഉത്ഭവം. മുല്ലത്തോട് വെള്ളിമലയില്‍ നിന്നും ഉത്ഭവിക്കുന്നു. മുല്ലത്തോട്ടില്‍ കല്ലിടിച്ചാല്‍ ഭാഗത്ത് അണക്കെട്ടു നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് പെരിയാര്‍ മുല്ലത്തോടിനേക്കാള്‍ വലിയ നദിയാണെന്നും ഇവ രണ്ടും ചേര്‍ന്നൊഴുകുന്ന ഭാഗത്ത് അണക്കെട്ടു നിര്‍മിക്കണമെന്നുമുള്ള ആശയം ജോണ്‍ പെന്നിക്വിക് എന്ന എന്‍ജിനീയര്‍ ഉപദേശിക്കുന്നത്. അങ്ങനെ അവിടെ ഡാം കെട്ടിപ്പൊക്കി.1895 ഒക്ടോബര്‍ 10ന് ഉദ്ഘാടനം ചെയ്തു. 126 വര്‍ഷമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് പണികഴിപ്പിച്ചിട്ട്.

Next Story

RELATED STORIES

Share it