News

ശ്രീ എമ്മിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കണം; പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

ശ്രീ എമ്മിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കണം; പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
X

തിരുവനന്തപുരം: ആര്‍എസ്എസ്-സിപിഎം രഹസ്യ ചര്‍ച്ചയുടെ ഇടനിലക്കാരന്‍ ശ്രീ എമ്മിന് സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി അനുവദിച്ചത് തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ധര്‍ണ പൊളിറ്റിക്കല്‍ ഫ്രണ്ട് രക്ഷാധികാരി പ്രഫ. ബി രാജീവന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ തെരുവില്‍ അലയുമ്പോള്‍, വിവാദ ദല്ലാളിന് കോടികള്‍ വിലമതിക്കുന്ന നാല് ഏക്കര്‍ ഭൂമി നല്‍കിയ നടപടി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന് ബി രാജീവന്‍ പറഞ്ഞു. തിരുവോണപ്പുറത്തും മുത്തങ്ങയിലും ആറളത്തും അരിപ്പയിലുമടക്കം സംസ്ഥാനത്ത് നടന്ന ഒരു ഭൂസമരത്തെയും നാടു ഭരിച്ച് മുന്നണികള്‍ ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല. 2013ലെ രാജമാണിക്യം റിപോര്‍ട്ട് പ്രകാരം ഹാരിസണ്‍ കമ്പനിമാത്രം അറുപതിനായിരം ഏക്കര്‍ ഭൂമി കയ്യേറി നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ട്. മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, മലക്കപ്പാറ എന്നിവിടങ്ങളിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുള്ള ഭൂമിയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് തിരിച്ച് പിടിക്കാന്‍ കഴിയുന്ന ആയിരക്കണക്കിന് ഏക്കര്‍ തിരിച്ച് പിടിക്കാതെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലേക്കര്‍ ഭൂമി വിവാദ ഇടനിലക്കാരന് നല്‍കിയത് അനുചിതമായ നടപടിയാണ്. അതിനാല്‍ ശ്രീ എമ്മിന് നല്‍കിയ ഭൂമി എത്രയും പെട്ടന്ന് സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് ആവിശ്യപ്പെട്ടു. യോഗത്തില്‍ പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് നേതാവ് സുശീലന്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് സോമരാജന്‍, അഡ്വ. എസ് രാമുദാസ്, കെ എം ഷാജഹാന്‍, എം കെ ദാസന്‍, വിടി ജോണ്‍, ബാപ്പുജി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it