News

'ഈ മത്സരം നമ്മൾ വിജയിക്കും'; മൂന്നൂറിലേറെ ഇലക്ടറൽ വോട്ട് കിട്ടുമെന്ന് ബൈഡൻ

ഈ മത്സരം നമ്മൾ വിജയിക്കും; മൂന്നൂറിലേറെ ഇലക്ടറൽ വോട്ട് കിട്ടുമെന്ന് ബൈഡൻ
X

സുപ്രധാന പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ മികച്ച ലീഡ് നേടിയതോടെ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു ഡെമോക്രറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. 'വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മൾ ഈ മത്സരം വിജയിക്കാൻ പോകുന്നു...', ബൈഡൻ പറഞ്ഞു. നേരത്തെ വിജയ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മാധ്യമങ്ങൾ അടക്കമുള്ളവർ ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത സാഹചര്യത്തിൽ ബൈഡൻ അതിന് മുതിർന്നില്ല.



'ഇന്നലെ മുതൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇരുപത്തിനാല് മണിക്കൂർ മുൻപ് ജോർജിയയിൽ പിന്നിലായിരുന്നു, ഇപ്പോൾ നമ്മൾ മുന്നിലാണ്, നമ്മൾ ആ സംസ്ഥാനം നേടാൻ പോകുന്നു. ഇരുപത്തിനാല് മണിക്കൂർ മുമ്പ് നമ്മൾ പെൻ‌സിൽ‌വാനിയയിൽ‌ പിന്നിലായിരുന്നു, ഇപ്പോൾ നമ്മൾ‌ പെൻ‌സിൽ‌വാനിയ നേടാൻ‌ പോകുന്നു', ബൈഡൻ പറഞ്ഞു. മൂന്നൂറിലേറെ ഇലക്ടറൽ വോട്ട് കിട്ടുമെന്ന പ്രതീക്ഷയും ബൈഡൻ പങ്കുവെച്ചു. 'നിങ്ങളുടെ ഓരോ വോട്ടും കണക്കാക്കും. ഇത് തടയാൻ ആളുകൾ എത്രമാത്രം ശ്രമിച്ചാലും ഞാനത് കാര്യമാക്കുന്നില്ല. അങ്ങനെ സംഭവിക്കാൻ ഞാൻ അനുവദിക്കില്ല', ബൈഡൻ വ്യക്തമാക്കി.

പെൻ‌സിൽ‌വാനിയ, ജോർ‌ജിയ, അരിസോണ, നെവാഡ എന്നീ സുപ്രധാന സംസ്ഥാനങ്ങളിൽ ലീഡ് വർധിപ്പിച്ചിരിക്കുകയാണ് ബൈഡൻ. ട്ട്രംപിന് നോർത്ത് കരോലീനയിൽ മാത്രമാണ് മുൻതൂക്കമുള്ളത്. നിലവിൽ 253 ഇലക്ടറൽ വോട്ടുകളുള്ള ബൈഡൻ പെൻ‌സിൽ‌വാനിയയിൽ മാത്രം വിജയിച്ചാലും കേവലം ഭൂരിപക്ഷമായ 270 മറികടക്കും. പെൻ‌സിൽ‌വാനിയയിൽ 20 ഇലക്ടറൽ വോട്ടാണുള്ളത്. ട്രംപിന് ഇതുവരെ 214 ഇലക്ടറൽ വോട്ട് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു.

അതേസമയം, ജോ ബൈഡൻ ജയിച്ചെന്ന് അവകാശപ്പെടരുതെന്നും നിയമനടപടികൾ തുടങ്ങുന്നതേയുളളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് തനിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നതാണ് ഇപ്പോഴത്തെ അഞ്ച് സംസ്ഥാനങ്ങൾ. എന്നാൽ ദിവസങ്ങൾക്കുളളിൽ ലീഡ് അപ്രത്യക്ഷമായി. കോടതിയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ ലീഡ് തിരികെ വന്നേക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it