News

ദര്‍ശന ടിവിയില്‍ പിരിച്ചുവിട്ടത് 54 പേരെ: സര്‍ക്കാര്‍ ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ദര്‍ശന ടിവിയില്‍ പിരിച്ചുവിട്ടത് 54 പേരെ: സര്‍ക്കാര്‍ ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
X

കോഴിക്കോട്: ദര്‍ശന ടിവിയിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയ മാനേജ്‌മെന്റ് നടപടി ക്രൂരമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് സത്യധാര കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ദര്‍ശന ടിവി പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ 17ാം തിയ്യതി ചാനലിലെ 54 പേര്‍ക്കും ഇമെയില്‍ വഴി പിരിച്ചുവിടല്‍ നോട്ടിസ് നല്‍കുകയായിരുന്നു. ഏപ്രില്‍ 20 ന് ഓഫിസിലെത്തി പിരിച്ചുവിടല്‍ നോട്ടിസ് നേരിട്ട് കൈപറ്റണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ജോലിക്കാരുടെ ശമ്പള കുടിശികയെക്കുറിച്ചോ പിഎഫ് ആനുകൂല്യത്തെ കുറിച്ചോ സൂചിപ്പിച്ചിട്ടില്ല.

കൊവിഡ് 19 കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്് ദര്‍ശന ടിവി അതിലെ ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്.

ഉടമസ്ഥാവകാശം കൈമാറുന്നതിന്റെ ഭാഗമായ നടപടിയെന്നാണ് പിരിച്ചുവിടുന്നതിന് കാരണമായി കമ്പനി നല്‍കുന്ന വിശദീകരണം.

പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം ഫിറോസ്, സെക്രട്ടറി പി എസ് രാകേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it