News

യുഎപിഎ കരിനിയമം: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ

22ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ എന്‍സിഎച്ച്ആര്‍ഒ പൊതുസമ്മേളനം

യുഎപിഎ കരിനിയമം: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ
X


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഎപിഎ കരിനിയമത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2008 ഡിസംബര്‍ 16നാണ് ഭീകരയ്‌ക്കെതിരേ പൊരുതുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ ഭേദഗതി ചെയ്ത് വിശദമായ ചര്‍ച്ചയോ വിശകലനമോ ഇല്ലാതെ പാസ്സാക്കിയത്. ധൃതിയില്‍ എന്‍ഐഎ ഭേദഗതി നിയമവും ഇതോടൊപ്പം പാസാക്കി. രണ്ടു നിയമങ്ങളുടെയും ഉള്ളടക്കം ചര്‍ച്ചക്ക് വിധേയമാക്കുകയോ സൂക്ഷ്മപരിശോധന നടത്തുകയോ ചെയ്യാതെ മുംബൈ ഭീകരാക്രമണം ഉയര്‍ത്തിവിട്ട ഭീതിയുടെ പശ്ചാത്തലം ഉപയോഗപ്പെടുത്തിയാണ് ഇവ രണ്ടും പാസാക്കിയെടുത്തത്.

ദൗര്‍ഭാഗ്യവശാല്‍ യുഎപിഎ പ്രതിഫലിപ്പിക്കുന്നത് കാലഹരണപ്പെട്ട ഭീകരനിയമങ്ങളായ ടാഡയെയും പോട്ടയെയുമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്തര്‍ദേശീയ സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയ നിയമങ്ങളായിരുന്നു ടാഡയും പോട്ടയും. നമ്മുടെ ഭരണഘടനാതാല്‍പ്പര്യങ്ങള്‍ക്കെതിരായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അന്വേഷണ ഏജന്‍സികളില്‍ രൂഢമൂലമായ വര്‍ഗീയതയും വംശീയതയും അഴിമതിയും ജാതിബോധവും അധികാര ദുര്‍വിനിയോഗവും നിരപരാധികളായ ദലിത്, മുസലിം, ആദിവാസി വിഭാഗങ്ങളെ ജാമ്യമോ യഥാസമയം വിചാരണയോ ഇല്ലാതെ വേട്ടയാടാനാണ് ഈ നിയമം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പം രാഷ്ട്രീയ എതിരാളികളെയും വിയോജിപ്പുകളെയും നിശ്ശബ്ദമാക്കാനും ഈ നിയമം ഉപയോഗിക്കുന്നു. പല തവണ ഭേദഗതി വരുത്തിയ യു.എ.പി.എ നിയമം നിലവില്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഈ നിയമത്തില്‍ ഏതൊരു പൗരനും പ്രാഥമികമായി നിരപരാധിയാണെന്നിരിക്കെ കുറ്റാരോപിതനായ വ്യക്തി കുറ്റവാളിയാണെന്ന് സ്ഥാപിക്കാന്‍ യുഎപിഎ നിയമപ്രകാരം ഭരണകൂടത്തിന് ബാധ്യതയില്ല. നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനില്‍ അടിച്ചേല്‍പിക്കുന്നു.

പൗരന്മാരുടെ ജനാധിപത്യ അവകാശവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണ്ട സമയമാണിതെന്നും ഭരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎപിഎ; രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണെന്നാവശ്യപ്പെട്ട് എന്‍സിഎച്ആര്‍ഒ കേരള ചാപ്റ്റര്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം നടത്തും. 22ന് വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജി സുകുമാരന്‍ പോണ്ടിച്ചേരി ഉദ്ഘാടനം ചെയ്യും. കരമന അഷ്‌റഫ് മൗലവി, ഡോ. പിജി ഹരി, തന്‍സീര്‍ ലത്തീഫ്, അഡ്വ. ഷാനവാസ്, കരീം മാസ്റ്റര്‍ ഈരാറ്റുപേട്ട, റെനി ഐലിന്‍, വിളയോടി ശിവന്‍കുട്ടി, ടികെ അബ്ദുസ്സമദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എന്‍സിഎച്ച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, എന്‍സിഎച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it