Kerala

വയനാട് പുനരധിവാസം; മിച്ച ഭൂമി പിടിച്ചെടുക്കണം: പി കെ ഉസ്മാന്‍

വയനാട് പുനരധിവാസം; മിച്ച ഭൂമി പിടിച്ചെടുക്കണം: പി കെ ഉസ്മാന്‍
X

തിരുവനന്തപുരം: മിച്ചഭൂമി പിടിച്ചെടുത്ത് വയനാട് ഉരുള്‍പൊട്ടലിന് ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 290 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന് റവന്യൂ രേഖകള്‍ വ്യക്തമാക്കുമ്പോഴാണ് പുനരധിവാസത്തിന് ഭൂമിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ 200.23 ഏക്കര്‍ കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്.

മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ രേഖകളിലുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കര്‍ ഭൂമി നിലവില്‍ ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2016ല്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമിയാണിത്. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമിയായി രേഖയിലുള്ള ഭൂമിയുടെ ആധാരം അസാധുവാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങള്‍ റദ്ദ് ചെയ്യാന്‍ വകുപ്പ് 120 (എ) പ്രകാരം കലക്ടര്‍ക്ക് അധികാരമുണ്ടെന്നിരിക്കേ സര്‍ക്കാര്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണ്.

കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കര്‍ മിച്ചഭൂമിയായി കണക്കാക്കി 1977 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നതാണ്. പിന്നീട് ഈ ഭൂമി 1991 ല്‍ കമ്പനി അനധികൃതമായി കൈമാറ്റം നടത്തിയെങ്കിലും അതെല്ലാം തള്ളിക്കൊണ്ട്് നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ ടി.എല്‍.ബി ഉത്തരവിറക്കിയത്. പുനരധിവാസത്തിന് അനുയോജ്യമായ മിച്ചഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും എസ്റ്റേറ്റ് മുതലാളിമാരുടെ ഭൂമി പണം കൊടുത്ത് ഏറ്റെടുക്കാം എന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എ.ജി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ സര്‍ക്കാറിന് നിയമ തടസ്സമില്ലാതെ ഏറ്റെടുക്കാവുന്ന ഭൂമിയാണിതെങ്കിലും ഹൈക്കോടതിയില്‍ പുനരധിവാസത്തിന് വയനാട്ടില്‍ മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്ന വിവരം മറച്ചു പിടിക്കുകയായിരുന്നു.

റവന്യൂ രേഖകള്‍ പ്രകാരമുള്ള മിച്ചഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. സ്വകാര്യ കുത്തകകള്‍ കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏക്കര്‍ കണക്കിനുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പുനരധിവാസം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it