Kerala

ഭീതി കൂട്ടി വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍; രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചേക്കും

കടുവ ശല്യം രൂക്ഷമായ കുറുക്കന്‍മൂലയില്‍ രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയേക്കും.

ഭീതി കൂട്ടി വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍; രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചേക്കും
X

മാനന്തവാടി: കുറക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ വനത്തിനുള്ളിലേക്ക് കടന്നതായി സംശയമുണ്ടായിരുന്നുവെങ്കിലും വീണ്ടും ജനവാസമേഖലയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. 17 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ കണ്ടെത്താന്‍ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പടമല, ചെങ്ങോത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി കാടന്‍കൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലെ വയലില്‍ മണലില്‍ പതിഞ്ഞ നിലയിലാണ് ചൊവ്വാഴ്ച കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. ഇത് ആക്രമണകാരിയായ കടുവയുടെ കാല്‍പ്പാടുകള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ഈ മേഖലയില്‍ തെരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല.

പിന്നീട് കടുവ ചെങ്ങോത്ത് വനമേഖലയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തിലേക്ക് നീങ്ങിയതായി സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആ ഭാഗത്തും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ദിവസത്തിന് ശേഷം കടുവ ജനവാസമേഖലയിലെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും വളര്‍ത്ത് മൃഗങ്ങളെ പിടികൂടാത്തത് ആശ്വാസമായിട്ടുണ്ട്.

ഇതിനിടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ പിടികൂടണമെന്നും വന്യ മൃഗശല്യത്തില്‍ നഷ്ട പരിഹാര തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന റിലേ സത്യാഗ്രഹസമരം രണ്ടാം ദിവസവും പിന്നിട്ടു. കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജേക്കബ്ബ് സെബാസ്റ്റ്യനാണ് ചൊവ്വാഴ്ച സത്യാഗ്രഹം അനുഷ്ഠിച്ചത്. രണ്ടാം ദിവസത്തെ സമരം എഐസിസിഅംഗം മുന്‍മന്ത്രി പി കെ ജയലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്തത്.

അതേസമയം കടുവ ശല്യം രൂക്ഷമായ കുറുക്കന്‍മൂലയില്‍ രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയേക്കും. നിശ്ചയിച്ച പരിപാടികളില്‍ കുറുക്കന്‍മൂല സന്ദര്‍ശനം ഇല്ലെങ്കിലും ജനവികാരം മാനിച്ച് പ്രദേശം സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിക്കണമെന്നാണ് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നം ഗൗരവമായി എടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

Next Story

RELATED STORIES

Share it