Kerala

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു
X

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടി. ഒരു സെക്കന്റില്‍ 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നുതുടങ്ങിയത്. അഞ്ച് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. ആദ്യം 60 സെന്റീമീറ്റര്‍ വീതം തുറന്ന ഷട്ടറുകളാണ് ജിലനിരപ്പ് ക്രമീകരിക്കുന്നതിനായി 90 സെന്റീമീറ്ററാക്കി ഉയര്‍ത്തിയത്.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള കാരണം. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിന്റെ ആവശ്യം അവഗണിച്ച് ശനിയാഴ്ച രാത്രിയിലും തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ ഇന്നലെ രാത്രിയാണ് സ്പില്‍വേയിലെ മൂന്നുഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നത്. രണ്ടുഷട്ടറുകള്‍ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയില്‍ അധികജലം തുറന്നുവിടരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം തമിഴ്‌നാട് നിരാകരിക്കുകയായിരുന്നു. 1,687 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോവുന്നത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

Next Story

RELATED STORIES

Share it