Kerala

55 ലക്ഷം ലിറ്റർ ടാങ്കർ ജലം: കൊവിഡ് പ്രതിരോധത്തിന് വാട്ടർ അതോറിറ്റിയും

സംസ്ഥാനത്ത് 24 ലക്ഷം കണക്ഷനുകൾക്കായി പ്രതിദിനം 2700 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്.

55 ലക്ഷം ലിറ്റർ ടാങ്കർ ജലം: കൊവിഡ് പ്രതിരോധത്തിന് വാട്ടർ അതോറിറ്റിയും
X

തിരുവനന്തപുരം: കൊവിഡ്- 19 ലോക് ഡൗൺ കാലത്ത് കുടിവെള്ള പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കാതിരിക്കാൻ പ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കി വാട്ടർ അതോറിറ്റി. ലോക് ഡൗൺ ബാധകമല്ലാതെ, വാട്ടർ അതോറിറ്റിയുടെ 1020 ജലശുദ്ധീകരണ പദ്ധതികളും പതിവുപോലെ പ്രവർത്തിച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നു. കൊറോണ പ്രതിരോധത്തിൽ, അവശ്യ വസ്തുവായ കുടിവെള്ളത്തിന്റെ വിതരണം ഏകോപിപ്പിക്കാൻ ജലവിഭവ മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ നിർദേശപ്രകാരം കോവിഡ്- 19 സെൽ രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ അപ്പപ്പോൾ പരിഹരിക്കുകയും ചെയ്യുന്നതായി ജോയിന്റ് മാനേജിങ് ഡയറക്ടർ എസ്.വെങ്കടേസപതി അറിയിച്ചു.

സംസ്ഥാനത്ത് 24 ലക്ഷം കണക്ഷനുകൾക്കായി പ്രതിദിനം 2700 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. ഇതിനു പുറമെ, കഴിഞ്ഞ നാലു ദിവസങ്ങളിൽ ടാങ്കർ ലോറി വഴി മാത്രം 55.59 ലക്ഷം ലിറ്റർ വെള്ളമാണ് അതോറിറ്റി സംസ്ഥാനത്ത് വിതരണം നടത്തിയത്.

കൂടാതെ ക്യാൻ വഴി 12110 ലിറ്റർ ജലം ക്വാറന്റൈൻ കേന്ദ്രങ്ങളിലും കോവിഡ്- 19 നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സൗജന്യമായി എത്തിച്ചു. സുൽത്താൻ ബത്തേരി ഡിവിഷനിൽ ക്യാനുകളിൽ കൂടുതൽ സുരക്ഷയ്ക്കായി ജീവനക്കാർ തന്നെ ടാപ്പ് ഘടിപ്പിച്ച് ജലവിതരണം നടത്തി. ആർഒ പ്ലാൻറുകൾ വഴിയും സൗജന്യ ജലം എത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവ സങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1456 ചോർച്ചകളും പരിഹരിച്ച് കുടിവെള്ള വിതരണം ഉറപ്പാക്കി. കോഴിക്കോട് ക്വാളിറ്റി കൺട്രോൾ ഡിവിഷൻ ജീവനക്കാരുടെ ഉപയോഗത്തിനായി സാനിറ്റെസർ നിർമാണവും തുടങ്ങി. പാലക്കാട് ജില്ലയിൽ കുടിവെള്ളം കിട്ടാതെ ലേബർ ക്യാംപുകളിൽ ദുരിതത്തിലായ അന്യസംസ്ഥാന തൊഴിലാളികൾക്കും കുടിവെള്ളം ക്യാനുകളിലെത്തിച്ചു കൊടുത്തു. കവലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി പ്രത്യേക കുടിവെള്ള ക്യാനുകളും ഒരുക്കി.

ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും പുതിയ കണക്ഷൻ നൽകുന്ന പ്രവൃത്തികളും നടക്കുന്നു. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളും പുന:സ്ഥാപിച്ചു നൽകുന്നുണ്ട്. ജല ശുദ്ധീകരണ ശാലകൾ, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ ജീവനക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യുന്നു. ബ്ലൂ ബ്രിഗേഡ്, അറ്റകുറ്റപ്പണി കരാർ തൊഴിലാളികളും രംഗത്തുണ്ട്.

Next Story

RELATED STORIES

Share it