Kerala

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച; കൊച്ചി നഗരസഭയ്ക്ക് 10 കോടി പിഴ

ചെളിയും മാലിന്യവും കൂടിക്കുഴഞ്ഞ വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യസംസ്‌കരണ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടക്കുന്നുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരുദിവസം 365.19 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരത്തെത്തുന്നത്. എന്നാല്‍, വളരെക്കുറച്ച് മാലിന്യങ്ങള്‍ മാത്രമേ സംസ്‌കരിക്കുന്നുള്ളൂ.

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച; കൊച്ചി നഗരസഭയ്ക്ക് 10 കോടി പിഴ
X

കൊച്ചി: മാലിന്യസംസ്‌കരണത്തില്‍ വീഴ്ചവരുത്തിയതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊച്ചി നഗരസഭയ്ക്കു 10.5 കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യസംസ്‌കരണത്തില്‍ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്. ബ്രഹ്മപുരത്തെ ഖരമാലിന്യസംസ്‌കരണത്തില്‍ 2016ലെ ഖരമാലിന്യസംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ബോര്‍ഡ് വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യപ്ലാന്റ് സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നും ബോര്‍ഡ് വിമര്‍ശിച്ചു.

ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ സംവിധാനം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 9 മാസം മുമ്പ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണസമിതി പരിശോധനയ്‌ക്കെത്തും മുമ്പ് മാലിന്യസംസ്‌കരണ യൂനിറ്റ് നഗരസഭ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് തകര്‍ന്നടിഞ്ഞ നിലയിലാണ്. ചെളിയും മാലിന്യവും കൂടിക്കുഴഞ്ഞ വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യസംസ്‌കരണ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടക്കുന്നുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരുദിവസം 365.19 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരത്തെത്തുന്നത്. എന്നാല്‍, വളരെക്കുറച്ച് മാലിന്യങ്ങള്‍ മാത്രമേ സംസ്‌കരിക്കുന്നുള്ളൂ.

നഗരസഭ നിര്‍മിക്കുന്ന സിറ്റി കംപോസ്റ്റ് എന്ന ജൈവവളത്തില്‍ അളവില്‍ കൂടുതല്‍ ഘനലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മലിനീകരണ നീയന്ത്രണബോര്‍ഡ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണസമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപോര്‍ട്ട് നല്‍കും. നേരത്തെ, ദേശീയ ഹരിത ട്രിബ്യൂണലും നഗരസഭയ്ക്ക് ഒരുകോടി രൂപ പിഴ ചുമത്തിയിരുന്നു. അതേസമയം, നവംബര്‍ എട്ടിനു ചേരുന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് വിശദീകരണം നല്‍കാന്‍ നഗരസഭയ്ക്ക് അവസരമുണ്ട്.

Next Story

RELATED STORIES

Share it