Kerala

വാളയാര്‍ കേസ്: അന്വേഷണം സിബിഐയ്ക്ക്

ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസംതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും.

വാളയാര്‍ കേസ്: അന്വേഷണം സിബിഐയ്ക്ക്
X

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസംതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് അന്വേഷണത്തെയും വിചാരണയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിചാരണ നടന്ന പാലക്കാട് പോക്‌സോ കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് മരണപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബം നിരന്തരം ആവശ്യമുന്നയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

അതേസമയം, കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പെണ്‍കുട്ടികളുടെ കുടുംബം സ്വാഗതം ചെയ്തു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കണം. അതോടൊപ്പം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it