Kerala

വാളയാര്‍ കേസ്: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണത്തിലെ വീഴ്ചയും പ്രോസിക്യൂഷന്റെ പരാജയവും മൂലം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയത്.

വാളയാര്‍ കേസ്: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: വാളയാറില്‍ ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിലെ വീഴ്ചയും പ്രോസിക്യൂഷന്റെ പരാജയവും മൂലം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയത്. കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങള്‍ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.

അന്വേഷണത്തില്‍ ഉദാസീന നിലപാടും തെളിവുകള്‍ക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണ്. രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണഘട്ടത്തില്‍ തന്നെ കേസ് ദുര്‍ബലമാക്കിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വാളയാര്‍ കേസിലെ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം വേണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് സിബിഐയെ നേരിട്ട് ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനു സാങ്കേതികമായ പ്രശ്‌നമുണ്ടെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it