Kerala

കിഫ്ബി: നിയമസഭയോട് സിഎജി അനാദരവ് കാണിച്ചു; തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കും- മന്ത്രി തോമസ് ഐസക്

ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ല. ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാം. ബജറ്റിന് പുറത്തുളള കടമെടുപ്പ് എന്ന സിഎജി റിപോര്‍ട്ടിലെ പരാമര്‍ശത്തേയും ധനമന്ത്രി തള്ളി.

കിഫ്ബി: നിയമസഭയോട് സിഎജി അനാദരവ് കാണിച്ചു; തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കും- മന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: കേരള നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഫ് ജനങ്ങളോട് പറയണം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി നിഗമനത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. വി ഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ല. ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാം. ബജറ്റിന് പുറത്തുളള കടമെടുപ്പ് എന്ന സിഎജി റിപോര്‍ട്ടിലെ പരാമര്‍ശത്തേയും ധനമന്ത്രി തള്ളി. ഇത് ബജറ്റിന് പുറത്തുളള കടമെടുപ്പല്ല എന്നുളളതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇത് ബോഡി കോര്‍പറേറ്റ് കിഫ്ബി എന്ന സ്ഥാപനം വായ്പയെടുത്ത് നടപ്പാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയില്‍നിന്നുളള ചെലവ് 7300 കോടി രൂപയാണ്. മാര്‍ച്ചിനുളളില്‍ ചുരുങ്ങിയത് 12,000 കോടി രൂപ കിഫ്ബി ഫിനാന്‍സ് ചെയ്യും. ഇത് സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനമാണ്.

മൂന്നുനാലുകൊല്ലത്തിനുളളില്‍ ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ കേരളം എങ്ങനെ മാറുമെന്ന് ചിന്തിക്കണം. സിഎജി ഏഴാം ഷെഡ്യൂള്‍ പഠിപ്പിക്കുകയാണ്. എങ്ങനെയാണ് ഇതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ കഴിയുന്നതെന്നും തോമസ് ഐസക് ചോദിച്ചു. മസാല ബോണ്ട് എടുക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. ഈ നിയമസഭ രൂപംനല്‍കിയ ഒരു ബോഡി കോര്‍പറേറ്റാണ്. ആര്‍ട്ടിക്കിള്‍ 246 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി. കേന്ദ്രനിയമമായ ഫെമയില്‍ ഈ നിയമസഭ രൂപം നല്‍കിയ ബോഡി കോര്‍പറേറ്റിന് ഈ വായ്പയ്ക്ക് അവകാശമുണ്ട്. ഈ വിവാദം മുഴുവന്‍ നടന്നിട്ടും റിസര്‍വ് ബാങ്ക് അവകാശമില്ലെന്ന് എവിടെ എങ്കിലും പറഞ്ഞോയെന്നും ധനമന്ത്രി ചോദിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ഒരു സന്ദേശം നല്‍കുകയാണ്. കേരളം എന്ന ഒരു കൊച്ചുസംസ്ഥാനം അവിടെ കിഫ്ബി എന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി അവര്‍ക്ക് ഇങ്ങനെയൊരു വായ്പ എടുക്കാനുളള ശേഷിയുണ്ടെന്ന് കാണിച്ചുകൊടുക്കുകയാണ്. 60,000 കോടി രൂപയാണ് സംസ്ഥാനത്തിന് വേണ്ടി മൊബിലൈസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുളളത്. അതിന് പ്രാപ്തിയുണ്ടെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it