Kerala

യുപിയിലെ അന്യായ അറസ്റ്റ്: കേരള സർക്കാർ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി

ഒരേസമയം ആർടിപിസിആർ എടുത്ത് വ്യക്തികളിൽ ചിലരെ അറസ്റ്റ് ചെയ്യുകയും കുറച്ചുപേരെ വിട്ടയക്കുകയും ചെയ്തതിന്റെ യുക്തി എന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം.

യുപിയിലെ അന്യായ അറസ്റ്റ്: കേരള സർക്കാർ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി
X

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ലഖ്നോ ജയിലിൽ കഴിയുന്ന ഫിറോസ്, അൻഷാദ് എന്നിവരെ സന്ദർശിക്കാൻ എത്തിയ ബന്ധുക്കളായ മൂന്ന് സ്ത്രീകളെയും ഏഴു വയസ്സുള്ള കുട്ടിയെയും അന്യായമായി അറസ്റ്റ് ചെയ്ത യുപി പോലിസ് നടപടിയിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെട്ട് മോചിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ആർടിപിസിആർ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞു എന്ന വ്യാജവാദം ഉന്നയിച്ചുകൊണ്ട് ഒരാഴ്ചയായി യോഗിയുടെ പോലിസ് ഇവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണ്. ജയിലിൽ കഴിയുന്ന വ്യക്തിയുടെ ഉമ്മയേയും ഭാര്യയേയും മകനേയും പല നിലയിലും ദ്രോഹിക്കാൻ ശ്രമിച്ച യുപി പോലിസ് അവസാനം അവർ താമസിച്ചിരുന്ന ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തത് തികഞ്ഞ അന്യായമാണ്. സിസിടിവി ഓഫ് ചെയ്തും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുമാണ് പോലിസ് അതിക്രമം നടത്തിയത്.

ഒരേസമയം ആർടിപിസിആർ എടുത്ത് വ്യക്തികളിൽ ചിലരെ അറസ്റ്റ് ചെയ്യുകയും കുറച്ചുപേരെ വിട്ടയക്കുകയും ചെയ്തതിന്റെ യുക്തി എന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. മുസ്‌ലിം കുടുംബങ്ങൾക്കു നേരെ ഉന്മൂലന രാഷ്ട്രീയം നടപ്പിലാക്കാനാണ് ഹിന്ദുത്വ ഭീകരരായ യോഗിയും സംഘവും ശ്രമിക്കുന്നത്. അന്യായമായ കേസുകൾ കെട്ടിച്ചമച്ചുണ്ടാക്കി മുസ്‌ലിം യുവാക്കളെ തുറങ്കലിൽ അടയ്ക്കുക, തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത വിധം തടസ്സങ്ങൾ സൃഷ്ടിക്കുക, ബന്ധുക്കളെ കാണാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ തരത്തിലുള്ള ഭരണഘടന ലംഘനവും ഏകാധിപത്യവുമാണ് യുപിയിൽ നടപ്പാക്കാൻ യോഗി ശ്രമിക്കുന്നത്.

സിദ്ദീഖ് കാപ്പൻ എന്ന മാധ്യമപ്രവർത്തകന്റെ കുടുംബത്തോടും ഇതേ നിലപാടാണ് യുപി സർക്കാർ സ്വീകരിച്ചത്. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തിയോടൊപ്പം നിൽക്കാത്തവരെ മനുഷ്യരായി കാണാത്ത സ്ഥിതിവിശേഷമാണ് യുപിയിൽ അരങ്ങേറുന്നത്. ഇത്തരം ഏകാധിപത്യ തേർവാഴ്ചക്കെതിരേ ശക്തമായ ജനകീയ പോരാട്ടം ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it