Kerala

ആഗോള സാമ്പത്തിക മുരടിപ്പിലും ഇന്ത്യ ലക്ഷ്യമിടുന്നത് 400 ബില്യണ്‍ ഡോളറിന്റെ ചരക്കു കയറ്റുമതി: കേന്ദ്രമന്ത്രി സോം പര്‍കാശ്

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന വാണിജ്യ ഉല്‍സവിന്റെ കൊച്ചിയിലെ ചടങ്ങുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോള സാമ്പത്തിക മുരടിപ്പിലും ഇന്ത്യ ലക്ഷ്യമിടുന്നത് 400 ബില്യണ്‍ ഡോളറിന്റെ ചരക്കു കയറ്റുമതി: കേന്ദ്രമന്ത്രി സോം പര്‍കാശ്
X

കൊച്ചി: കൊവിഡ് മൂലമുണ്ടായ ആഗോള വളര്‍ച്ചാ മുരടിപ്പിലും ഇന്ത്യയില്‍ നിന്നുള്ള ചരക്കു കയറ്റുമതി ഈ സാമ്പത്തികവര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടത്താന്‍ ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ്. ആസാദി കി അമൃത് മഹോല്‍സവിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന 'വാണിജ്യ സപ്താഹ്' വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്‌പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ എക്‌സ്‌പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എക്‌സ്‌പോര്‍ട്ട ഹബ്ബുകളായ ജില്ലകള്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സെപ്തംബര്‍ 26 വരെ നടക്കുന്ന വാണിജ്യ ഉല്‍സവിന്റെ കേരള പതിപ്പ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി അരങ്ങേറുന്നത്. 'മികച്ച ഗതാഗത, കയറ്റുമതി സൗകര്യങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, വിദഗ്ധരും വിദ്യാസമ്പന്നരുമായ മാനവവിഭവശേഷി, വന്‍തോതിലുള്ള സുഗന്ധവ്യഞ്ജനക്കൃഷി എന്നിവ കണക്കിലെടുക്കുമ്പോള്‍ വാണിജ്യ, വ്യവസായരംഗങ്ങളില്‍ കേരളത്തിന് മികച്ച സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം, ആരോഗ്യരക്ഷാ മേഖലകളിലുള്ള കേരളത്തിന്റെ നേട്ടങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സംസ്ഥാനത്തു നിന്നുള്ള പ്രമുഖ കയറ്റുമതി സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു. നേരിട്ട് പങ്കെടുത്തവര്‍ക്കു പുറമെ നൂറിലേറെപ്പേര്‍ ഓണ്‍ലൈനായും ചടങ്ങ് വീക്ഷിച്ചു.ചരക്കു കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കൈവരിക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കേന്ദ്ര വാണിജ്യ, വിദേശകാര്യ മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരിലെ തല്‍പ്പര മന്ത്രാലയങ്ങളും നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ സ്ഥാപനങ്ങള്‍ വിവിധ ലോകരാജ്യങ്ങളിലുള്ള ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ബയര്‍സെല്ലര്‍ മീറ്റുകളും ഓണ്‍ലൈന്‍ പരിപാടികളും ഏറെ ശ്ലാഘനീയമാണെന്നും മുരളീധരന്‍ പറഞ്ഞു.കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പ്പാദന, സംസ്‌കരണ വ്യവസായങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ള സംഘടിതശ്രമങ്ങളുണ്ടാകണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപി പറഞ്ഞു.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനു പുറമെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എടുത്തു വരുന്ന ക്രിയാത്മക നടപടികളെ സംബന്ധിച്ച ബോധവല്‍ക്കരണവും കൊച്ചിയല്‍ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യമാണെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു.സിഐഐ റീജിയണല്‍ വൈസ് ചെയര്‍മാന്‍ ജീമോന്‍ കോര, എഫ്എസ്എസ്എഐ റീജിയണല്‍ ഡയറക്ടര്‍ പി മുത്തുരാമന്‍, ഐആര്‍എസ് ഡയറക്ടര്‍ സ്റ്റീഫന്‍ ലോറന്‍സ്, സിഎസ്ഇഇസഡ് കമ്മീഷണര്‍ ഡി വി സ്വാമി ഐഎഎസ്, എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസന്‍, എക്‌സ്‌പോര്‍ട് കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ കെ എസ് ഇളങ്കോവന്‍, സിഐഐ കേരള സ്‌പൈസ് പാനല്‍ കണ്‍വീനര്‍ ചെറിയാന്‍ സേവ്യര്‍ എന്നിവരും സംസാരിച്ചു. കൊച്ചിയില്‍ നടക്കുന്ന പരിപാടികള്‍ നാളെ സമാപിക്കും.

Next Story

RELATED STORIES

Share it