Kerala

പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും; വാഹനഗതാഗതം സ്തംഭിക്കും

പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും; വാഹനഗതാഗതം സ്തംഭിക്കും
X

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന പൊതുപണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും. ഇതോടെ വാഹനങ്ങളൊന്നും ഓടില്ലെന്ന് ട്രേഡ് യൂനിയന്‍ സംയുക്തസമിതി അറിയിച്ചു. മാര്‍ച്ച് 28ന് രാവിലെ ആറ് മണി മുതല്‍ 30ന് രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാവുമെന്നും സംയുക്തസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വേ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന്റെ ഭാഗമാവുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റെസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവയ്ക്കുക, കൊവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7,500 രൂപ നല്‍കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് പണിമുടക്ക് നടത്തുന്നത്.

Next Story

RELATED STORIES

Share it