Kerala

മാനന്തവാടിയില്‍ മൂന്നുപേര്‍ക്കു കൂടി കൊവിഡ് ബാധ; പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കി

രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് അവശ്യസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ടൗണുകളില്‍ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഷോപ്പിന് രാത്രി 8 വരെ തുറക്കാം.

മാനന്തവാടിയില്‍ മൂന്നുപേര്‍ക്കു കൂടി കൊവിഡ് ബാധ; പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കി
X

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലൂടെ മാനന്തവാടിയിബല്‍ മൂന്നുപേര്‍ക്കുകൂടി രോഗബാധ. ചെന്നെയില്‍ നിന്ന് കൊവിഡ് ബാധിച്ച ലോറി ഡ്രൈവറുടെ ഭാര്യയ്ക്കും അമ്മയ്ക്കും ലോറിയിലുണ്ടായിരുന്ന സഹായിയുടെ മകനുമാണ് ഇന്ന് പോസിറ്റീവായത്. ഇവര്‍ മാനന്തവാടി കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിനിടെ, മാനന്തവാടിയിലെയും പരിസരങ്ങളിലെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. മാനന്തവാടിയില്‍ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മാനന്തവാടി നഗരസഭകളിലെയും സമീപ പഞ്ചായത്തുകളിലെയും വാര്‍ഡുകളും കോളനികളുമാണ് കൊവിഡ് കണ്ടെയ്ന്‍മെന്റുകളായി ജില്ലാ ഭരണകൂടം ഇന്നലെ രാത്രിയോടെ അടച്ചത്. മാനന്തവാടി നഗരസഭയിലെ 7, 8, 9, 10, 21, 22 ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപ്പഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും വെളളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ 9,10, 11, 12 വാര്‍ഡുകളും മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കൊവിഡ് കണ്ടെയ്ന്‍മെന്റുകളായി പ്രഖ്യാപിച്ചത്.

അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കൊവിഡ് കണ്ടെയ്ന്‍മെന്റുകളാണ്. അവശ്യവസ്തു വിഭാഗത്തില്‍പ്പെടുന്ന പലചരക്ക് കടകള്‍, പഴം, പച്ചക്കറി, മത്സ്യം, ബിഫ്, ചിക്കന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ബേക്കറികള്‍ക്കും നിയന്ത്രിതമായി പ്രവര്‍ത്തിക്കാം. ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്സ് തുടങ്ങിയവ വില്‍ക്കാന്‍ പാടില്ല.

രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് അവശ്യസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ടൗണുകളില്‍ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഷോപ്പിന് രാത്രി 8 വരെ തുറക്കാം. ആരോഗ്യപരമായ അടിയന്തരഘട്ടങ്ങളിലും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമൊഴികെ ആരും പുറത്തിറങ്ങരുത്. ഇങ്ങനെ ഇറങ്ങുന്നവര്‍ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം. അല്ലാത്തപക്ഷം ലോക്ക് ഡൗണ്‍ ചട്ടലംഘനത്തിന് കേസെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it