Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ

രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ
X

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇവർക്ക് പെൻഷൻ നൽകുന്നത് ഖജനാവിൽ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിർക്കുന്നതെന്നും ഗവർണർ പറഞ്ഞു.

താൻ കുടുംബനാഥനെ പോലെയാണെന്നും വി ഡി സതീശനോട് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് പഠിക്കാൻ പറഞ്ഞത് എന്താണ് പ്രതിപക്ഷ നേതാവിന്റെ ചുമതല എന്ന് മനസ്സിലാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല പ്രതിപക്ഷ നേതാവാകണമെങ്കിൽ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സംഘടനകൾക്ക് തന്നെ വിമർശിക്കാൻ താൽപര്യം കാണുമെന്നും നിരീക്ഷണം പറയാൻ അവർക്കും അവകാശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 1986 മുതൽ ഇവർ തനിക്ക് എതിരേ ഫത്‌വ പുറപ്പെടുവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും സുന്നി യുവജന സംഘടന പറഞ്ഞിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു സുന്നി യുവജന സംഘത്തിന്‍റെ വിമര്‍ശനം. ഹിജാബ് വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ശരീഅത്ത് വിവാദത്തിലും അദ്ദേഹം നിന്നത് ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

Next Story

RELATED STORIES

Share it