Kerala

വന്ദേഭാരതിന് സാങ്കേതികത്തകരാര്‍; കണ്ണൂരില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു

എസി പ്രവര്‍ത്തിക്കാതായതോടെ യാത്രക്കാര്‍ ആവശ്യപ്പെട്ടാണ് ഫറോക്കില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്.

വന്ദേഭാരതിന് സാങ്കേതികത്തകരാര്‍; കണ്ണൂരില്‍ ഒന്നര മണിക്കൂര്‍ പിടിച്ചിട്ടു
X
കണ്ണൂര്‍: സാങ്കേതികത്തകരാറ് കാരണം ഇന്നത്തെ കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഒന്നരമണിക്കൂറിലേറെ വൈകി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ വലയുകയായിരുന്നു. അരമണിക്കൂറോളം ഡോര്‍ തുറക്കാതെയായതോടെ പിടിച്ചിട്ട ട്രെയിനില്‍ യാത്രക്കാര്‍ കുടുങ്ങി. എ.സി പ്രവര്‍ത്തിക്കാത്തത് ബുദ്ധിമുട്ടിലാക്കിയെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 3.25ന് എത്തിയ ട്രെയിന്‍ അഞ്ച് മണിയോടെയാണ് പുറപ്പെട്ടത്. എന്നാല്‍ അര കിലോമീറ്ററോളം ഓടിയ ട്രെയിന്‍ വീണ്ടും നിര്‍ത്തിയിട്ടു. തുടര്‍ന്ന് യാത്ര ആരംഭിച്ചെങ്കിലും കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തിയിട്ടു. എസി പ്രവര്‍ത്തിക്കാതായതോടെ യാത്രക്കാര്‍ ആവശ്യപ്പെട്ടാണ് ഫറോക്കില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്.

കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് യാത്രക്കാര്‍ ശരിക്കും വലഞ്ഞത്. അരമണിക്കൂറോളം ഡോര്‍ തുറക്കാനായില്ല. എ.സി പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. കടുത്ത ചൂടില്‍ യാത്രക്കാര്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നീട് പിന്‍ഭാഗത്തെ എഞ്ചിന്‍ ഉപയോഗിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ അര കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ ട്രെയിന്‍ വീണ്ടും നില്‍ക്കുകയായിരുന്നു.

ട്രെയിന്‍ 5.45ഓടെയാണ് കോഴിക്കോട് എത്തിയത്. 4.28 ആണ് കോഴിക്കോട് എത്തേണ്ട സമയം. നിലവില്‍ രണ്ടു മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ യാത്ര തുടരുന്നത്. ഫറോക്കില്‍ പിടിച്ചശേഷം പിന്നീട് നിര്‍ത്തേണ്ടിവന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ 12.30ഓടെ ആയിരിക്കും ട്രെയിന്‍ തിരുവന്തപുരത്ത് എത്തുകയെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it