Kerala

കേന്ദ്രത്തിന് തൊഴില്‍മന്ത്രി കത്തയച്ചു; ആര്‍സിസിയില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ചികിത്സ ഉറപ്പാക്കണം

ഇഎസ്‌ഐയുമായി ധാരണാപത്രം ഒപ്പിടാത്ത സാഹചര്യത്തില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ചികിത്സ തടസ്സപ്പെട്ടിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് തൊഴില്‍മന്ത്രി കത്തയച്ചു; ആര്‍സിസിയില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ചികിത്സ ഉറപ്പാക്കണം
X

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ കേന്ദ്ര സർക്കാർ ഹോസ്പിറ്റല്‍ സ്‌കീം പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സാസൗകര്യം ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് കത്തയച്ചു.

ആര്‍സിസി നിശ്ചയിച്ച ചികിത്സാനിരക്കുകള്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇഎസ്‌ഐയുമായി ധാരണാപത്രം ഒപ്പിടാത്ത സാഹചര്യത്തില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ചികിത്സ തടസ്സപ്പെട്ടിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മികച്ച അര്‍ബുദചികിത്സാകേന്ദ്രങ്ങളിലൊന്നായ ആര്‍സിസി ദീര്‍ഘകാലമായി ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ചികിത്സ നല്‍കിവരികയായിരുന്നു. സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരം 2015 സപ്തംബറില്‍ നിശ്ചയിച്ച ചികിത്സാനിരക്ക് ആര്‍സിസിയിലെ നിരക്കുകളുമായി പൊരുത്തപ്പെടാത്തതിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പിടാത്ത സാഹചര്യമുണ്ടായത്.

ഗുണനിലവാരമുള്ള അര്‍ബുദ ചികിത്സ നല്‍കുന്ന ആര്‍സിസിയില്‍ പ്രത്യേക ചികിത്സാ നിരക്കാണ് നിലവിലുള്ളത്. സെന്‍ട്രല്‍ സര്‍വീസസ് മെഡിക്കല്‍ അറ്റന്‍ഡസ് റൂള്‍സ് (സിഎസ്എംഎ) പരിധിയില്‍ വരുന്നവരുള്‍പ്പെടെ എല്ലാ സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം ഗുണഭോക്താക്കള്‍ക്കും ആര്‍സിസിയിലെ ചികിത്സാനിരക്ക് പ്രകാരം ചികിത്സ ലഭ്യമാക്കുന്നത് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം 2015 ഫെബ്രുവരി 23ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ ഈ നിരക്കുകള്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.

ഈ കാര്യങ്ങള്‍ പരിഗണിച്ച് ആര്‍സിസിയിലെ ചികിത്സാനിരക്കുകള്‍ അംഗീകരിക്കുന്നതിന് ഇഎസ്‌ഐ കോര്‍പറേഷന് ഉടന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു. ദേശീയ അര്‍ബുദനിയന്ത്രണ പദ്ധതിപ്രകാരം സ്ഥാപിച്ച ആര്‍സിസിയില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ഉന്നതനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിന് കേന്ദ്രമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it