Kerala

എല്ലാ കാംപസുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അനുമതി; കരട് നിമയത്തിന് അംഗീകാരം

സ്വാശ്രയ കോളജുകളിലടക്കം വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് കരട് നിയമത്തിന് അംഗീകാരം. വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള കരട് നിയമത്തിന് നിയമവകുപ്പാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

എല്ലാ കാംപസുകളിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അനുമതി; കരട് നിമയത്തിന് അംഗീകാരം
X

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലടക്കം വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് കരട് നിയമത്തിന് അംഗീകാരം. വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള കരട് നിയമത്തിന് നിയമവകുപ്പാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമം വരുന്നതോടെ ഇപ്പോള്‍ വിലക്കുള്ള സ്വാശ്രയ കോളജുകളിലടക്കം സംഘടനാപ്രവര്‍ത്തനം സജീവമാകും.

സ്വാശ്രയ കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം, യൂനിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍ കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാനടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. അതത് സംഘടനകളുടെ നിയമാവലി നല്‍കിയായിരിക്കും രജിസ്‌ട്രേഷനെടുക്കേണ്ടത്. ബൈലോയില്‍ പറയുന്നപ്രകാരം സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും മറ്റും നടത്തേണ്ടിവരും. രജിസ്‌ട്രേഷനുള്ളവയ്ക്ക് എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കാം.

വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ അതോറിറ്റിയുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വിസി, പ്രാഗല്‍ഭ്യമുള്ള പൊതുപ്രവര്‍ത്തകന്‍ എന്നിവരാകും സമിതിയിലുണ്ടാകുക. എന്നാല്‍, അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പാനലായിരിക്കും.

ചില ഇടങ്ങളില്‍ ഏക സംഘടന രീതി എന്നതില്‍ മാറ്റം വരുത്താനാണ് പുതിയ തീരുമാനം. എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ സംഘടനകളാണ് പ്രധാനമായും അവര്‍ക്ക് സ്വാധീനമുള്ള കാംപസുകളില്‍ ഏക ഭരണ രീതി നടപ്പാക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരായ പരാതി അതോറിറ്റിക്കാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടത്. മാനേജ്‌മെന്റ്, കോളജ് യൂണിയന്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, കോളജ് കൗണ്‍സില്‍ തുടങ്ങിയവയെല്ലാം അധികരസ്ഥാനങ്ങളില്‍പ്പെടും. പരാതി ശരിയെന്നു കണ്ടാല്‍ അതോറിറ്റിക്ക് അവ തിരുത്താന്‍ നിര്‍ദേശം നല്‍കാം. പിഴയും ഈടാക്കാം. പരമാവധി 10 ലക്ഷം രൂപവരെ പിഴയീടാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും.

സംഘടനാ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം വരുന്നതോടെ സ്വാശ്രയകോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാന്‍ കഴിയും. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് ഒട്ടേറെ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തിയിരുന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരം ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചാണ് കോളജ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ക്രമസമധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പല മാനേജ്‌മെന്റുകളും തിരഞ്ഞെടുപ്പ് നടത്താറില്ല. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനം മാനേജ്‌മെന്റ് നിരോധിച്ചതിനാല്‍ പല കോളജുകളിലും പേരിനാണ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോട് ഇത് സംബന്ധമായ ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Next Story

RELATED STORIES

Share it