Kerala

സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം; കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയത് കാമുകനെയും സ്വത്തും സ്വന്തമാക്കാന്‍?

കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ പരാതിയാണ് ചെറിയ സംശയങ്ങളില്‍ തുടങ്ങിയ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കുടുംബ സ്വത്ത് സ്വന്തമാക്കി കാമുകനോടൊത്ത് ജീവിക്കാനുള്ള ജോളി എന്ന യുവതിയുടെ ദുരാഗ്രഹമാണ് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ആറു പേരുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം; കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയത് കാമുകനെയും സ്വത്തും സ്വന്തമാക്കാന്‍?
X

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണവൈഭവം. കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ പരാതിയാണ് ചെറിയ സംശയങ്ങളില്‍ തുടങ്ങിയ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കുടുംബ സ്വത്ത് സ്വന്തമാക്കി കാമുകനോടൊത്ത് ജീവിക്കാനുള്ള ജോളി എന്ന യുവതിയുടെ ദുരാഗ്രഹമാണ് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ആറു പേരുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

അന്നമ്മ(2002 ആഗസ്ത് 22), അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്(2008 ആഗസ്ത് 26), അന്നമ്മയുടെയും ടോം തോമസിന്റെയും മകനും പ്രതി ജോളിയുടെ ഭര്‍ത്താവുമായ റോയ്(2011 സപ്തംബര്‍ 30), അന്നമ്മയുടെ സഹോദരന്‍ മാത്യ മഞ്ചാടി(2014 ഫെബ്രുവരി 24), ടോം തോമസിന്റെ സഹോദര പുത്രനും ജോളിയുടെ കാമുകനുമായ ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍(2014 മെയ് 3), ഷാജുവിന്റെ ഭാര്യ സിലി(2016 ജനുവരി 11) എന്നിവരാണ് ദുരൂഹമായ രീതിയില്‍ മരണപ്പെട്ടത്.



കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. താമരശ്ശേരി പോലിസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് റൂറല്‍ എസ്പിക്ക് റോജോ പരാതി നല്‍കിയ ശേഷമാണ് പോലിസ് തുടക്കത്തില്‍ അവഗണിച്ച കേസിന് ജീവന്‍ വച്ചത്.

ഒരു കുടുംബത്തിലെ ആറ് പേര്‍ ഏറെക്കുറെ സമാനമായ രീതിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തര്‍ക്കമാണെന്നാണ് പൊലിസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും ചേര്‍ത്ത് വച്ച് പരിശോധിച്ചിക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല.

എന്നാല്‍, വടകര എസ്പിയായി കെ ജി സൈമണ്‍ ചാര്‍ജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേര്‍ത്ത് വച്ചു. കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കുകയും ചെയ്തു.

കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിനു വേണ്ടി വര്‍ഷങ്ങളുടെ ഇടവേളകളില്‍ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മരിച്ചത് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002ല്‍. പിന്നീട് മരിച്ചത് ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്. പിന്നീട് ഭര്‍ത്താവിനെത്തന്നെ പതിയെ വിഷം നല്‍കി കൊന്നു. ഭര്‍ത്താവിന്റെ അമ്മ അന്നമ്മയുടെ സഹോദരന്‍ മാത്യുവിനെ കൊന്നത് മറ്റു കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവരാതിരിക്കാനായിരുന്നു എന്നാണ് സൂചന. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള മകള്‍ ആല്‍ഫൈനെയും കൊല്ലുന്നത്.

ഇതിന് ശേഷം വ്യാജ ഒസ്യത്തെഴുതി ഈ കുടുംബത്തിന്റെ സ്വത്ത് മുഴുവന്‍ കൈക്കലാക്കുകയിയിരുന്നു. ഇതില്‍ രണ്ടേക്കര്‍ ഭൂമി വില്‍ക്കുകയും പണം ചെലവാക്കുകയും ചെയ്ത ഘട്ടത്തിലാണ് ബന്ധുക്കള്‍ക്ക് പോലും സംശയം തോന്നുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനായി, ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഓരോരുത്തരെയായി ജോളി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെല്ലാമൊടുവില്‍ 2014ല്‍ ഷാജുവും ജോളിയും വിവാഹിതരായി.

പല രീതിയില്‍ പല സമയത്താണ് ഇവര്‍ ഓരോരുത്തര്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയിരിക്കുന്നത്. സയനൈഡ് നല്‍കിയാണ് കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷാജു സ്‌കറിയയുടെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഒരു വിവാഹച്ചടങ്ങിന് പോയപ്പോള്‍ അതിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ്. റോയ് തോമസിനെ കൊന്നത് ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തി നല്‍കിയാണ്. ടോം തോമസ് കപ്പപ്പുഴുക്ക് കഴിച്ച ശേഷം ഛര്‍ദ്ദിച്ചു തളര്‍ന്നുവീഴുകയായിരുന്നു. സഹോദന്റെ ആദ്യ കുര്‍ബാന ദിവസം രാവിലെ ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ച ശേഷമാണ് രണ്ടു വയസുകാരനായ ആല്‍ഫൈന്‍ ബോധരഹിതനായത്. ആശുപത്രിയിലെത്തി മൂന്നാം ദിവസമായിരുന്നു മരണം. കൊലപാതകം നടന്ന ഇടങ്ങളിലെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് പൊലിസിന്റെ സംശയമുന അവരിലേക്ക് നീളാന്‍ കാരണം. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ജോളിയുടെ മൊഴിയിലുണ്ടായ വൈരുധ്യവും അവരുടെ അറസ്റ്റിലേക്കു നയിച്ചു.


ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍, അറസ്റ്റിലായ ജോളിഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍, അറസ്റ്റിലായ ജോളി

ഓരോ മരണങ്ങളിലും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇതെല്ലാം സംശയത്തിന്റെ ആക്കം കൂട്ടി. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണു പോലിസ് കരുതുന്നത്. മൂന്നാമത് മരിച്ച റോയിയുടെ മൃതദേഹം മാത്രമാണ് ആ സമയത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും അതേക്കുറിച്ച് വിശദമായി അന്വേഷിക്കാതിരുന്നത് എന്ത്‌കൊണ്ടെന്ന ചോദ്യം അവശേഷിക്കുകയാണ്. അക്കാര്യത്തില്‍ പോലിസ് ജാഗ്രത കാട്ടിയിരുന്നെങ്കില്‍ രണ്ടു വയസ്സുള്ള കുഞ്ഞുള്‍പ്പെടെ മറ്റു മൂന്നു മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഭക്ഷണം കഴിച്ചശേഷം ശുചിമുറിക്കുള്ളിലേക്ക് പോയപ്പോഴാണ് റോയ് തോമസ് മരിക്കുന്നത്. ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ലോക്കല്‍ പൊലിസ്.

Next Story

RELATED STORIES

Share it