Kerala

മാധ്യമപ്രവര്‍ത്തകര്‍ അചഞ്ചലമായ മതനിരപേക്ഷ ബോധം പുലര്‍ത്തണം: സ്പീക്കര്‍ എം ബി രാജേഷ്

കേരളം പോലുള്ള സമൂഹത്തിന്റെ സഹവര്‍ത്തിത്വം, ജനകീയ ഐക്യം, സമുദായ സൗഹാര്‍ദം എന്നിവയ്ക്കു പോറലേല്‍പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ കാര്യങ്ങളുടെ പ്രചാരകരാവില്ലെന്നു തീരുമാനിക്കുന്നതു മാധ്യമപ്രവരുടെ പ്രധാനപ്പെട്ട യോഗ്യതയായി കണക്കാക്കണമെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

മാധ്യമപ്രവര്‍ത്തകര്‍ അചഞ്ചലമായ മതനിരപേക്ഷ ബോധം പുലര്‍ത്തണം: സ്പീക്കര്‍ എം ബി രാജേഷ്
X

കൊച്ചി: അചഞ്ചലമായ മതനിരപേക്ഷ ബോധം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നു നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് . ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) വെബ്‌സൈറ്റ് ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും പോറലേല്‍പിക്കുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന നിതാന്ത ജാഗ്രത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. വിഷം വമിപ്പിക്കുന്നതും, ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പറയാന്‍ പാടില്ലാത്ത വിവേകശൂന്യമായ കാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പറയുന്നു. ഇത്തരത്തില്‍ വരുന്നതെല്ലാം വാര്‍ത്തയാക്കണമെന്ന നിര്‍ബന്ധം മാധ്യമങ്ങള്‍ ഉപേക്ഷിക്കണം.

കേരളം പോലുള്ള സമൂഹത്തിന്റെ സഹവര്‍ത്തിത്വം, ജനകീയ ഐക്യം, സമുദായ സൗഹാര്‍ദം എന്നിവയ്ക്കു പോറലേല്‍പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ കാര്യങ്ങളുടെ പ്രചാരകരാവില്ലെന്നു തീരുമാനിക്കുന്നതു മാധ്യമപ്രവരുടെ പ്രധാനപ്പെട്ട യോഗ്യതയായി കണക്കാക്കണം. മാധ്യമപ്രവര്‍ത്തനം ലോകത്താകെ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. ലാഭം ലക്ഷ്യമാകുന്ന വ്യവസായമായി മാധ്യമങ്ങളും മാറുന്നതു സമ്മര്‍ദവും വെല്ലുവിളികളും മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്നുണ്ട്. അതു മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു പരിമിതികളും പരിധികളും സൃഷ്ടിക്കുന്നു. മൂലധന ശക്തികളുടെ പ്രലോഭനങ്ങളില്‍ പെട്ടുപോകാതെ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകാന്‍ സാധിക്കണം. അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുണ്ട്.

പത്രസ്വാതന്ത്ര്യത്തിന്റെ സൂചികയില്‍ ഇന്ത്യ പിന്നിലായെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. രാജ്യതലസ്ഥാനത്തെ ശക്തമായ സാന്നിധ്യമാണു മലയാളി മാധ്യമങ്ങള്‍. തലയെടുപ്പുള്ള മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാലത്തും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അതിന്റെ ഉജ്വലമായ തുടര്‍ച്ച ഇന്നുണ്ട്.ലോകമാകെയുള്ള മലയാളി മാധ്യമപ്രവര്‍ത്തകരെ ഒരു കൂടക്കീഴില്‍ അണിനിരത്താനുള്ള ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ലോകത്തില്‍ ഏതു മേഖലയിലുമെന്നപോലെ മാധ്യമപ്രവര്‍ത്തനരംഗത്തും മലയാളികള്‍ തിളക്കമാര്‍ന്ന സ്ഥാനം അടയാളപ്പെടുത്തുന്നുവെന്നത് അഭിമാനകരമാണെന്നു മുഖ്യാതിഥിയായിരുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കു ജിഎംപിസി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഗ്ലോബല്‍ പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, ജിഎംപിസി വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍ തിരുവനന്തപുരം, ജോയിന്റ് സെക്രട്ടറിമാരായ ജോസ് കുമ്പിളുവേലില്‍ ജര്‍മനി, പി ടി അലവി സൗദി അറേബ്യ, ചിത്ര കെ മേനോന്‍ കാനഡ, ഖജാന്‍ജി ഉബൈദ് എടവണ്ണ ജിദ്ദ, ജോയിന്റ് ഖജാന്‍ജി സണ്ണി മണര്‍കാട്ട് കുവൈറ്റ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം താര ചേറ്റൂര്‍ മേനോന്‍ ഭോപ്പാല്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it