Kerala

ഐഎഎസ് ഉദ്യോഗസ്ഥർ മാതൃകാപരമായി പ്രവർത്തിക്കണം; ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല: മന്ത്രി

സംഭവത്തില്‍ കുറ്റമറ്റതായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിജിപിയുമായും തിരുവനന്തപുരം ജില്ലാ കലക്ടറുമായും ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നതായി വാര്‍ത്തകളുണ്ട്. ഈക്കാര്യം പ്രത്യേകമായി അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടിക്ക് നിര്‍ദ്ദേശം നല്‍കി

ഐഎഎസ് ഉദ്യോഗസ്ഥർ മാതൃകാപരമായി പ്രവർത്തിക്കണം; ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല: മന്ത്രി
X


തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തുടർനടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചോയെന്ന് പ്രത്യേകമായ പരിശോധിക്കും. അങ്ങനെ ആരെങ്കിലും മനപ്പൂര്‍വ്വം കുറ്റക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെയാകും ഏറ്റവും നല്ല മാതൃകാപരമായ നടപടിയുണ്ടാവുക. മനപ്പൂര്‍വ്വമല്ലാത്ത കൊലപാതക ശ്രമമെന്ന നിലയില്‍ ഇതിനകം തന്നെ കേസെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടവരാണ്. അവരാണ് നിയമം പാലിച്ച് കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ നിയമാനുസൃത നടപടികളില്‍ നിന്ന് രക്ഷപ്പെടുവാനുള്ള ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ആരെയും രക്ഷപ്പെടുവാന്‍ അനുവദിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ കുറ്റമറ്റതായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിജിപിയുമായും തിരുവനന്തപുരം ജില്ലാ കലക്ടറുമായും ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നതായി വാര്‍ത്തകളുണ്ട്. ഈക്കാര്യം പ്രത്യേകമായി അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുമെന്നും വാഹനമോടിച്ച ആളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കടകംപള്ളി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിന്റെ അപകട മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബഷീറിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. ബഷീറിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഞെട്ടിക്കുന്ന മരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ എം ബഷീറിന്റെ അപകട മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണം ഞെട്ടിച്ചുവെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. ബഷീറിന്റെ മരണം സൃഷ്ടിച്ച തീരാവേദനയില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്ക് ചേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


Next Story

RELATED STORIES

Share it