Kerala

ശിവശങ്കറിന്റെ അറസ്റ്റ്: സര്‍ക്കാരിന് നിയമപരമായും ധാര്‍മികമായും ഒരുത്തരവാദിത്തവുമില്ല; കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു- മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്‌നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥനെന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്. പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്.

ശിവശങ്കറിന്റെ അറസ്റ്റ്: സര്‍ക്കാരിന് നിയമപരമായും ധാര്‍മികമായും ഒരുത്തരവാദിത്തവുമില്ല; കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു- മുഖ്യമന്ത്രി
X

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്‌കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധമെറിഞ്ഞുപിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തിപരമായ നിലയില്‍ എം ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല.

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ളു ഒന്നുംതന്നെ ഇല്ല. ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിട്ടുകിട്ടാനായി സംസ്ഥാനസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ്.

കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്തുവരികയും അതില്‍ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റുചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല.

എന്നാല്‍, നിയമത്തിന്റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതിന് എന്ത് പാകപ്പിഴയാണുള്ളതെന്ന് ആര്‍ക്കും ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്‌നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥനെന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്. പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്.

പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാവുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായെന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരേ യുദ്ധം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളെ കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെയധികം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിലോട്ടിപ്പോള്‍ കടക്കുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒക്ടോബര്‍ 26ന് എഴുതുകയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it