Kerala

പെരുന്ത്ര ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതി വര്‍ഗീയ പ്രചാരണം; എസ്ഡിപിഐ നേതാക്കള്‍ ക്ഷേത്ര ഭാരവാഹികളെ സന്ദര്‍ശിച്ചു

പെരുന്ത്ര ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതി വര്‍ഗീയ പ്രചാരണം; എസ്ഡിപിഐ നേതാക്കള്‍ ക്ഷേത്ര ഭാരവാഹികളെ സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: വാമനാപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതിപ്പിടിച്ച സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ ക്ഷേത്ര ഭാരവാഹികളെയും ദേവസ്വം ബോര്‍ഡ് കമ്മീഷണറെയും സന്ദര്‍ശിച്ചു. ക്ഷേത്രകമ്മിറ്റിയംഗങ്ങള്‍, ക്ഷേത്ര ജീവനക്കാര്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്നിവരുമായി സംഭവത്തെക്കുറിച്ചു പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ തീവ്രവര്‍ഗ്ഗീയ കക്ഷികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്ന് എസ്ഡിപിഐ നേതാക്കള്‍ ക്ഷേത്ര ഭാരവാഹികളെ ധരിപ്പിച്ചു. ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെയും എസ്ഡിപിഐയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേയും പാര്‍ട്ടി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ വിവരവും ഭാരവാഹികളെ അറിയിച്ചു. ചില പ്രത്യേക വിഭാഗങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി മുന്നിലുണ്ടാവുമെന്നും പെരുന്ത്ര ക്ഷേത്രഭാരവാഹികളെ അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റി മുന്നിലുണ്ടാകുമെന്നു ക്ഷേത്ര ഭാരവാഹികള്‍ എസ്ഡിപിഐ നേതാക്കളോട് പറഞ്ഞു.



എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകളങ്ങര, പ്രത്യാശ കോര്‍ഡിനേറ്റര്‍ നിസാമുദ്ധീന്‍ തച്ചോണം, വാമനാപുരം മണ്ഡലം പ്രസിഡന്റ് ഖാലിദ് പാങ്ങോട് എന്നിവരടങ്ങിയ സംഘമാണ് ക്ഷേത്ര ഭാരവാഹികളെ സന്ദര്‍ശിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പെരുന്ത്ര ഭഗവതി ക്ഷേത്രം. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഘപരിവാര കേന്ദ്രങ്ങള്‍ എസ്ഡിപിഐക്കെതിരേ വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിനുള്ളിലും ചുവരുകളിലുമാണ് എസ്ഡിപിഐ എന്ന് ഇംഗ്ലീഷില്‍ എഴുതിപ്പിടിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നിലെ മരച്ചുവട്ടില്‍ പച്ച പെയിന്റും വിതറിയിട്ടുണ്ട്. നേരത്തെ തിരുവനന്തപരം വെള്ളായണി ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോല്‍സത്തോടനുബന്ധിച്ച്്, ഉല്‍സവം അലങ്കോലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നു എന്നാരോപിച്ച് വ്യാജ പോസ്റ്റര്‍ പതിച്ചിരുന്നു. പോലിസ് അന്വേഷണത്തില്‍ സംഘപരിവാര അനുകൂല വിഭാഗങ്ങളായിരുന്നു പ്രചരണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. സമാന സ്വഭാവത്തിലാണ്, എസ്ഡിപിഐക്കെതിരേ വാമനപുരം പെരുന്ത്രയിലും വ്യാജ പ്രചരണം നടത്തുന്നത്.




കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. 'എസ്ഡിപിഐ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു' എന്ന ന്യൂസ് ഇന്ത്യ മലയാളം വ്യാജ യൂട്യൂബ് ചാനല്‍ വാര്‍ത്തക്കെതിരേയും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it