Kerala

സുരേഷ് ഗോപിയെ വേണ്ടെന്ന് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്‍

സുരേഷ് ഗോപിയെ വേണ്ടെന്ന് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്‍
X



ഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെ പ്രതിഷേധം. നിയമനത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദേശം ആശങ്കാജനകമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവുമാണ്. രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും യൂണിയന്‍ ആരോപിക്കുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ തലപ്പത്ത് വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യലാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയങ്ങള്‍ പക്ഷപാതമോ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നും സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആശങ്കാകുലരാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സുരേഷ് ഗോപിക്ക് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്ആര്‍എഫ്ടിഐ) അധ്യക്ഷനായി നിയമനം നല്‍കിയ വിവരം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്സിലൂടെയാണ് അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. 1995ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്.






Next Story

RELATED STORIES

Share it