Kerala

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ദൗര്‍ഭാഗ്യകരം; നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരണം എസ്ഡിപിഐ

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ദൗര്‍ഭാഗ്യകരം;  നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരണം എസ്ഡിപിഐ
X

കോഴിക്കോട്: ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ വ്യാജ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെടുത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സ്‌റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി പ്രമേയത്തില്‍ വ്യക്തമാക്കി. ഫാഷിസത്തിനെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ ഭാഗമാണ് ഈ വിധിയെന്നും ഭട്ടിന് നീതി ഉറപ്പാക്കുന്നതിനായുള്ള നിയമ പോരാട്ടം ശക്തമാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫാഷിസം അധികാരം ഉപയോഗിച്ച് നീതിപീഠത്തെപ്പോലും അധീനപ്പെടുത്തുന്നു എന്ന ദുസ്സൂചന നല്‍കുന്നതാണ് വിധി. ജാമ്യത്തിലിറങ്ങി 18 ദിവസത്തിനു ശേഷം വൃക്കരോഗം വന്ന് മരണപ്പെട്ട കര്‍സേവകന്റെ പേരിലാണ് സഞ്ജീവ് ഭട്ടിനെ 29 വര്‍ഷത്തിനു ശേഷം ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ 300 ലധികം സാക്ഷികളുണ്ടായിട്ടും കേവലം 32 പേരെ മാത്രമാണ് വിസ്തരിച്ചത്. 11 പേരേ കൂടി വിസ്തരിക്കാന്‍ ഭട്ടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടും അത് അനുവദിക്കപ്പെട്ടില്ല. 2002 ലെ ഗുജറാത്ത് കലാപം സംബന്ധിച്ച അന്വേഷണ കമ്മീഷനു മുമ്പില്‍ മോദിക്കെതിരേ മൊഴി നല്‍കിയതു മുതല്‍ ഭട്ടിനെതിരായ വേട്ടയും തുടങ്ങിയതായി ചരിത്രം വ്യക്തമാക്കുന്നു. 2015 ല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് 23 വര്‍ഷം മുമ്പ് നടന്ന കേസിന്റെ പേരില്‍ 2018 ല്‍ അറസ്റ്റിലായ ഭട്ട് കഴിഞ്ഞ 10 മാസമായി ജയിലിലാണ്. ഇതിനിടെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഹിന്ദുത്വ ഫാഷിസം അധികാരം പിടിച്ചടക്കിയ ശേഷം രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നീതിന്യായ സംവിധാനവും അധീനപ്പെടുത്തി വിമത ശബ്ദങ്ങളെ തോക്കിന്‍ കുഴലിലൂടെ നിശബ്ദമാക്കിയും തടവിലിട്ടും സംഹാര നൃത്തമാടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെയും ഭരണഘടനയെയും സ്‌നേഹിക്കുന്നവര്‍ ഫാഷിസ്റ്റ് തേര്‍വാഴ്ചയ്‌ക്കെതിരേ പോരാട്ടത്തിന് സജ്ജരാവണമെന്നും സഞ്ജീവ് ഭട്ടിന് നീതി ഉറപ്പാക്കാന്‍ രംഗത്തുവരണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പിഅബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ആര്‍ കൃഷ്ണന്‍ കുട്ടി സംസാരിച്ചു.

Next Story

RELATED STORIES

Share it