ശബരിമല തീര്‍ത്ഥാടനം: കര്‍മപദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പ്; 48 സര്‍ക്കാര്‍, സ്വകാര്യാശുപത്രികളെ എംപാനല്‍ ചെയ്തു
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധസംവിധാനങ്ങളോടുകൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് കര്‍മ പദ്ധതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേകശ്രദ്ധ പാലിക്കേണ്ടതാണ്. കൊവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. എല്ലാവരും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളില്‍നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യചികില്‍സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചുവരുന്നു. അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് പുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആരോഗ്യവകുപ്പില്‍നിന്ന് 1000ത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലകാലത്ത് നിയമിക്കുന്നതാണ്.
ആരോഗ്യവകുപ്പ്, ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, കൊവിഡ് ബ്രിഗേഡ് എന്നിവയില്‍നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാര്‍ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്ഠിക്കുന്നത്.പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാവുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തരചികില്‍സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധസംവിധാനങ്ങളോടുകൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സിഎച്ച്‌സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലും സൗകര്യങ്ങളൊരുക്കിവരുന്നു. ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.
വിദഗ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. നിലക്കല്‍ 6, പമ്പ 10, ഇലവുങ്കല്‍ 1, റാന്നി പെരിനാട് 1, വടശേരിക്കര 1, പന്തളം 1 എന്നിങ്ങനെ 20 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകചികില്‍സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സര്‍ക്കാര്‍, സ്വകാര്യാശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയില്‍ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണ് എംപാനല്‍ ചെയ്തത്.
കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യാശുപത്രികളില്‍നിന്നും സൗജന്യചികില്‍സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടാവുന്നതാണ്. കേരളത്തിന് പുറത്ത് നിന്നും വരുന്നവര്‍ക്ക് പി.എം. ജെ.എ.വൈ. കാര്‍ഡുള്ളവര്‍ക്കും ഈ സേവനം ലഭ്യമാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയ്ക്കിടയില്‍ പല സ്ഥലങ്ങളിലായി സ്ഥാപിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്.
ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുവെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനം തേടാവുന്നതാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍, നോഡല്‍ ഓഫീസര്‍, ഒരു അസി. നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ അതത് ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കും.
RELATED STORIES
ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള് ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്ക്ക പട്ടികയില് 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്ശം; പാര്ട്ടി എംപിയോട് രാജി വയ്ക്കാന്...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്ഥികള്
17 Sep 2024 10:32 AM GMT