Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കി കൊച്ചി സര്‍വകലാശാല യൂനിയന്‍

പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും പ്രമേയം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കി കൊച്ചി സര്‍വകലാശാല യൂനിയന്‍
X

കൊച്ചി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കൊച്ചി ശാസ്ത്ര സാങ്കേതിക സവകലാശാല വിദ്യാര്‍ഥി യൂനിയന്‍ പാസാക്കി. സര്‍വകലാശാല ആസ്ഥാനത്ത് യൂനിയന്‍ ചെയര്‍മാന്‍ സോബിന്‍ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂനിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ല. പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും പ്രമേയം വ്യക്തമാക്കി.

ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും യോഗത്തില്‍ പ്രമേയം പാസാക്കി. സമരത്തിനു നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമം അഴിച്ചുവിട്ടും കലാലയത്തിന്റെ അക്കാദമികമൂല്യം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പഠനമികവും സമരതീക്ഷ്ണതയുംകൊണ്ട് പ്രശസ്തമായ കലാലയത്തിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സമരത്തിനെതിരേ അതിക്രമം കാണിക്കുന്നവര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ വിദ്യാര്‍ഥി സമൂഹം ആര്‍ജവത്തോടുകൂടി പ്രതികരിക്കണമെന്നും യൂനിയന്‍ അതിന് നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംജി സര്‍വകലാശാലയില്‍ നടക്കുന്ന കേരള ചരിത്രകോണ്‍ഗ്രസിലും പ്രമേയം പാസാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടന പ്രധാനം ചെയ്യുന്ന വകുപ്പുകളുടെ ലംഘനമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയാകെ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മുന്‍ സെക്രട്ടറി പ്രഫ. ടി മുഹമ്മദ് അലിയാണ് പ്രമേയം അവതരിപ്പിച്ചത്. കേരള ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ.എന്‍ ഗോപകുമാരന്‍നായര്‍ പ്രമേയത്തെ പിന്താങ്ങി. ജെഎന്‍യുവിലും ജാമിഅ മില്ലിയ സര്‍വകലാശാല അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കതിരെയും ചരിത്രകോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it