Kerala

സംവരണം: ഹൈക്കോടതി വിധി നിരാശാജനകം- പൗരാവകാശ സംരക്ഷണ സമിതി

സംവരണം: ഹൈക്കോടതി വിധി നിരാശാജനകം- പൗരാവകാശ സംരക്ഷണ സമിതി
X

കോട്ടയം: നൂനപക്ഷക്ഷേമ പദ്ധതികള്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്നും വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും കോട്ടയം ജില്ലാ പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിക്കുകയും നടപ്പാക്കണമെന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുമാണ്. കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയും അത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പില്‍ വരുത്തിയത്.

മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട ഈ പദ്ധതിയില്‍നിന്നും 20 ശതമാനം പിന്നീട് സര്‍ക്കാര്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും വീതംവയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കാതെയുള്ള വിധിയാണ് കോടതിയില്‍നിന്നുമുണ്ടായിട്ടുള്ളത്. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ഏറെ സമാധാനത്തോടെയും അച്ചടക്കത്തോടെയും കഴിഞ്ഞുകൂടുന്ന ലക്ഷദ്വീപ് നിവാസികളെയും ആ നാടിനെയും നശിപ്പിക്കുന്ന തരത്തിലുള്ള ഫാഷിസ്റ്റ് ഭരണകര്‍ത്താക്കളുടെ കിരാതമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും പൗരത്വഭേദഗതി ബില്‍ നടപ്പാക്കാനുള്ള നടപടികളില്‍നിന്നും പിന്തിരിയണമെന്നും കേന്ദ്രസര്‍കാരിനോട് യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജില്ലയിലെ മുസ്‌ലിം മതസംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരും നേതാക്കളുമായ അസീസ് ബഡായി (മുസ്‌ലിംലീഗ്), അഡ്വ.ഷാജഹാന്‍ (ജമാഅത്ത് ഫെഡറേഷന്‍), അബ്ദുല്‍ സമദ് (ജമാഅത്തെ ഇസ്‌ലാമി), നാസര്‍ മൗലവി പാറത്തോട് (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), റഫീക്ക് സഖാഫി (കേരള മുസ്‌ലിം ജമാഅത്ത്), യു നവാസ് (എസ്ഡിപിഐ), ഹബീബ് മൗലവി (ലജ്‌നത്തുല്‍ മുഅല്ലിമീന്‍), സുനീര്‍ മൗലവി (പോപുലര്‍ഫ്രണ്ട്), നിസാര്‍ മൗലവി (ഇമാംസ് കൗണ്‍സില്‍), അമീന്‍ ഷാ (ജമാഅത്ത് കൗണ്‍സില്‍), അബു വൈക്കം, അയ്യൂബ്ഖാന്‍ കൂട്ടിക്കല്‍, അജാസ് തച്ചാട്ട് കോട്ടയം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it