Kerala

മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗത്തെ പുറത്താക്കിയത് മുൻകാല പ്രാബല്യത്തിൽ

ആക്രമണത്തിനു തലേന്നുതന്നെ ഇയാളെ ഒഴിവാക്കാൻ കത്തു നൽകിയെന്നു വരുത്താനായി മുൻകൂർ തീയതി രേഖപ്പെടുത്തി കത്ത് നൽകുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗത്തെ പുറത്താക്കിയത് മുൻകാല പ്രാബല്യത്തിൽ
X

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസിൽ പ്രതിയായ എസ്എഫ്ഐ വയനാട് ജില്ലാ മുൻ വൈസ് പ്രസിഡന്റ് കെ ആർ അവിഷിത്തിനെ മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിൽനിന്ന് പുറത്താക്കി. മന്ത്രിയുടെ സ്റ്റാഫംഗമാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അവിഷിത്തിനെ മുൻകാല പ്രാബല്യത്തോടെ ഈമാസം 15 മുതൽ ഒഴിവാക്കിയെന്നു പൊതുഭരണവകുപ്പ് ഇന്നലെ വൈകിട്ടോടെ ഉത്തരവിറക്കിയത്.

അവിഷിത് 10 ദിവസമായി ജോലിക്കു ഹാജരാകാത്തതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസിൽനിന്ന് പൊതുഭരണ സെക്രട്ടറിക്ക് 23നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, കത്ത് നൽകിയത് ഇന്നലെ രാവിലെയാണെന്നാണു വിവരം.

ആക്രമണത്തിനു തലേന്നുതന്നെ ഇയാളെ ഒഴിവാക്കാൻ കത്തു നൽകിയെന്നു വരുത്താനായി മുൻകൂർ തീയതി രേഖപ്പെടുത്തി കത്ത് നൽകുകയായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ, വീണാ ജോർജ് ഇതു നിഷേധിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അതു ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കൂടി മന്ത്രി പറഞ്ഞു. ഇതിനിടെ, ആക്രമണത്തെ ന്യായീകരിച്ചും പോലിസിനെ ഭീഷണിപ്പെടുത്തിയും അവിഷിത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു.

Next Story

RELATED STORIES

Share it