Kerala

നവകേരള നിര്‍മാണത്തിന് പൊതുസമവായം ഉയരണം: മുഖ്യമന്ത്രി

പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട 'റീബില്‍ഡ് കേരള' കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നവകേരള നിര്‍മാണത്തിന് പൊതുസമവായം ഉയരണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനസൃഷ്ടിക്കാന്‍ പൊതുസമവായം ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട 'റീബില്‍ഡ് കേരള' കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃപരമായ പങ്ക് സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും. കേരളത്തിന്റെ പൊതുവായ വികസനമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുവീക്ഷണം ഉയര്‍ന്നുവരുന്നത് സ്വീകരിക്കുകയാണ് ലക്ഷ്യം. പ്രളയദുരന്തമുണ്ടായി ഒരു വര്‍ഷമാവുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കിവരികയാണ്. വീടുകളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. അപകടസാധ്യത കാരണം വീടുനിര്‍മിക്കാന്‍ പറ്റാത്ത സ്വന്തം സ്ഥലത്തുനിന്ന് മാറിത്താമസിക്കാന്‍ ചിലര്‍ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതില്‍ മാധ്യമങ്ങളും പങ്ക് വഹിക്കണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങള്‍, കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെ അവരുടെ ജീവനോപാധിയെ ബാധിക്കാത്തവിധം മാറ്റിപ്പാര്‍പ്പിക്കണം.

പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് 2019 ജനുവരി 31 വരെ 1,35,000 അപ്പീല്‍ ലഭിച്ചിരുന്നു. പിന്നീട് ഫ്രെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15,000 അപ്പീലുകളും കിട്ടി. ഇവ തീര്‍പ്പാക്കി. പിന്നീട് കാലാവധി നീട്ടിയപ്പോഴാണ് വന്‍തോതില്‍ രണ്ടരലക്ഷത്തോളം അപ്പീലുകള്‍ വന്നത്. ഇതില്‍ അര്‍ഹതയുള്ള ആള്‍ക്കാര്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കുംവിധം സംരക്ഷിക്കും. പ്രളയംമൂലമുണ്ടായ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ വളരെ ശാസ്ത്രീയമായ സമീപനമാണ് കൈക്കൊണ്ടത്. ഇതിനായി ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണം തേടിയിട്ടുണ്ട്. പുനരധിവാസം സമയബന്ധിതമായി തീര്‍ക്കുകയാണ് ഉദ്ദേശ്യം. ലോക ബാങ്കിന്റേതുള്‍പ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് 'റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം' രേഖ തയാറാക്കിയത്. ഇത് സര്‍ക്കാര്‍ ഉന്നതാധികാര സമിതിയും ഉപദേശക സമിതിയും പരിശോധിച്ചു. അവരുടെ ശുപാര്‍ശകള്‍ കൂടി സമര്‍പ്പിച്ചിരുന്നു. അതുകൂടി പരിശോധിച്ചാണ് രേഖയ്ക്ക് അംഗീകാരം നല്‍കിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി ചേര്‍ക്കണം.

കേരള പുനര്‍നിര്‍മാണ പദ്ധതി രേഖയില്‍ പ്രത്യേക ശ്രദ്ധവേണ്ട മേഖലകളില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. റൂം ഫോര്‍ റിവര്‍, സംയോജിത നദീതട അതോറിറ്റി തുടങ്ങിയവ ഉള്‍പ്പെടെ ഇതിലുണ്ട്. ലോകത്ത് തന്നെ വിജയകരമായ മാതൃകകള്‍ പരിശോധിക്കാനും സ്വീകരിക്കാന്‍ കഴിയുന്ന സ്വീകരിക്കാനും ശ്രമമുണ്ടാവും. മറ്റു രാജ്യങ്ങള്‍ സ്വീകരിച്ച പുതിയ മാതൃകകളും പരിശോധിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവും. ഭൂവിനിയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ വിശദമായി വിലയിരുത്തും. പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോവാനാണു ശ്രമം. ഇതിനായി പുതിയ കഴിവുകളിലേക്ക് സര്‍ക്കാര്‍ വകുപ്പുകളേയും ഏജന്‍സികളേയും ഉയര്‍ത്താനാവണം. ഇവയെ ഇതിനായി ശാക്തീകരിച്ച് തികച്ച പ്രൊഫഷനല്‍ സമീപനത്തിലേക്ക് മാറാനാണ് ശ്രമം. വികസന വിഷയങ്ങളില്‍ സമവായമാണ് ആവശ്യം. കേരളത്തിന്റെ പൊതുവായ നന്‍മയ്ക്കും വികസന കാര്യങ്ങള്‍ക്കും ഒന്നിച്ചുനില്‍ക്കാനും സമവായത്തോടെ മുന്നോട്ടുപോവാനും കഴിയണം. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 'റീബില്‍ഡ് കേരള' കര്‍മപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ. വി വേണു വിശദീകരിച്ചു. കേരളത്തില്‍ ദുരന്ത സാധ്യതകള്‍, നിര്‍മാണസാങ്കേതിക വിദ്യകള്‍, പരിസ്ഥിതി, കാലാവസ്ഥ മാറ്റങ്ങള്‍ വിലയിരുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗത്തിലെ പുതിയ നയരൂപീകരണം തുടങ്ങിയവ പരിഗണിച്ചായിരിക്കും പുനര്‍നിര്‍മാണം. ഗ്രാമീണ മേഖലയിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിക്കല്‍, ഉപജീവന പാക്കേജ്, ജലസേചന പദ്ധതികള്‍ എന്നിവയ്ക്കായിരിക്കും ആദ്യഘട്ടം ലഭിക്കുന്ന വായ്പയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, മാധ്യമ എഡിറ്റര്‍മാര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും പങ്കുവച്ചു. എഡിറ്റര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിലെ പത്ര, ദൃശ്യ മാധ്യമ എഡിറ്റര്‍മാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമാണ് യോഗത്തില്‍ സംബന്ധിച്ചത്.




Next Story

RELATED STORIES

Share it