പിഎസ്‌സിയിലെ ക്രമക്കേട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യുവജനമാര്‍ച്ചില്‍ സംഘര്‍ഷം

പ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച് പിഎസ്‌സി. സംസ്ഥാന ഓഫീസിന്റെ മുഖ്യകവാടത്തിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പിഎസ്‌സിയിലെ ക്രമക്കേട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യുവജനമാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റില്‍ അട്ടിമറി നടത്തി ഇടതുസര്‍വീസ് സംഘടനാ നേതാക്കളെ തിരുകിക്കയറ്റിയ പിഎസ്‌സിയുടെ വിശ്വാസവഞ്ചനയ്‌ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച യുവജനമാര്‍ച്ചില്‍ സംഘര്‍ഷം. പ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച് പിഎസ്‌സി. സംസ്ഥാന ഓഫീസിന്റെ മുഖ്യകവാടത്തിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ശേഷം നടന്ന പ്രതിഷേധസംഗമം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.

ഇടതുസംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പിഎസ്‌സിയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങള്‍ തങ്ങളുടെ സമയവും സമ്പത്തും ചെലവഴിച്ചാണ് പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍, അവര്‍ വഞ്ചിക്കപ്പെടുകയും പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പിഎസ് സി എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനെന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് മുജീബ് റഹ്മാന്‍, നജ്ദ റൈഹാന്‍, സെക്രട്ടറി അജീഷ് കിളിക്കോട്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ മുരുക്കുംപുഴ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധസംഗമത്തെ തുടര്‍ന്ന് ഗേറ്റിനു മുന്നില്‍ ഇരുന്ന് ഓഫിസ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലിസ് അറസ്റ്റുചെയ്താണ് നീക്കിയത്. സംസ്ഥാന നേതാക്കളായ എസ് മുജീബ് റഹ്മാന്‍, നജ്ദ റൈഹാന്‍, ആദില്‍ മുരുക്കുംപുഴ, അമീന്‍ റിയാസ്, ബിബിത വാഴച്ചാല്‍, എസ് എം മുഖ്താര്‍, ജില്ലാ നേതാക്കളായ നബീല്‍ പാലോട്, ഹന്ന ഫാത്തിമ, ഇമാദ് വക്കം, ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.

RELATED STORIES

Share it
Top