Kerala

ഉത്രയുടെ കുഞ്ഞിനെ പോലിസ് ഏറ്റെടുത്തു; വൈദ്യപരിശോധന നടത്തി മാതാപിതാക്കൾക്ക് കൈമാറും

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇത് പ്രകാരം ഇന്നലെ രാത്രി അടൂർ പോലിസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്താനായില്ല.

ഉത്രയുടെ കുഞ്ഞിനെ പോലിസ് ഏറ്റെടുത്തു; വൈദ്യപരിശോധന നടത്തി മാതാപിതാക്കൾക്ക് കൈമാറും
X

കൊല്ലം: പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഭർത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടിൽനിന്ന് അഞ്ചൽ പോലിസ് ഏറ്റെടുത്തു. ഇന്ന് രാവിലെ പറക്കോട്ടെ വീട്ടിലെത്തിയ പോലിസ് സംഘമാണ് സൂരജിന്റെ മാതാപിതാക്കളിൽനിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. അടൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും.

അഞ്ചൽ പോലിസ് സ്റ്റേഷനിൽ എത്തിയാവും ഉത്രയുടെ മാതാപിതാക്കൾ കുഞ്ഞിനെ വാങ്ങുക. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇത് പ്രകാരം ഇന്നലെ രാത്രി അടൂർ പോലിസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സൂരജിന്റെ മാതാപിതാക്കൾ ബന്ധുവീട്ടിൽനിന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്.

അതേസമയം, കുഞ്ഞിനെ ഇനി പരിപാലിക്കില്ലെന്നും സൂരജിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ രേണുക ആവർത്തിച്ചു. തങ്ങളുടെ ഭാഗം കേൾക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാൻ അവൻ നോക്കുമോ എന്ന് രേണുക ചോദിച്ചു.

നേരത്തെ പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മർദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക പറഞ്ഞു. സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരമാണ് മുതലിനെ ചൊല്ലിയുള്ള തർക്കമുണ്ടായത്. ഉത്രയുടെ അച്ഛനും സഹോദരനും തന്നെ തല്ലിയെന്നും വനിത കമ്മീഷനിൽ പരാതി നൽകിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു. കുഞ്ഞിനെ പോലിസിന് കൈമാറുന്നതിനിടെ വൈകാരിക രംഗങ്ങളും അരങ്ങേറി.

Next Story

RELATED STORIES

Share it